സാവോപൗലോ: ബ്രസീലിയല്‍ ക്ലബ്ബ് ഗ്രെമിയോയുടെ യുറഗ്വായ് സ്ട്രൈക്കര്‍ ലൂയിസ് സുവാരസ് കാല്‍മുട്ടിലെ ഗുരുതര പരിക്കിന്റെ പിടിയിലെന്ന് ക്ലബ്ബ് പ്രസിഡന്റിന്റെ വെളിപ്പെടുത്തല്‍.വലത് കാല്‍മുട്ടില്‍ ഓസ്റ്റിയോആര്‍ത്രോസിസ് (osteoarthrosis) ബാധിച്ച സുവാരസിന്റെ കളിജീവിതം തന്നെ പ്രതിസന്ധിയിലായ സാഹചര്യമാണുള്ളതെന്ന് ഗ്രെമിയോ ക്ലബ്ബ് പ്രസിഡന്റ് ആല്‍ബര്‍ട്ടോ ഗുവേരയാണ് വെളിപ്പെടുത്തിയത്. സുവാരസ് കാലില്‍ കടുത്ത വേദന അനുഭവിക്കുകയാണെന്നും പലപ്പോഴും കുത്തിവെയ്പ്പ് എടുത്താണ് കളിക്കാനിറങ്ങുന്നതെന്നും ഗുവേര വ്യക്തമാക്കി.
ലിവര്‍പൂള്‍, ബാഴ്സലോണ, അത്ലറ്റിക്കോ മാഡ്രിഡ് തുടങ്ങി യൂറോപ്പിലെ പ്രമുഖ ക്ലബ്ബുകളുടെ പ്രധാന താരങ്ങളിലൊരാളായിരുന്ന സുവാരസ് ഫുട്ബോളില്‍ നിന്ന് വിരമിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നതായി അടുത്തിടെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ഇപ്പോള്‍ താരത്തിന്റെ ഗുരുതര പരിക്കിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവരുന്നത്.യുറഗ്വായിലെ നാഷണല്‍ ക്ലബില്‍നിന്ന് കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് സുവാരസ് ഗ്രെമിയോയിലെത്തുന്നത്. 2024 വരെ താരത്തിന് ക്ലബ്ബുമായി കരാറുണ്ട്.