സര്‍ക്കാര്‍ ഏറ്റെടുത്ത കയ്യേറ്റ ഭൂമി സ്വകാര്യ വ്യക്തിക്ക് നല്‍കിയ സബ്കളക്ടറുടെ ഉത്തരവിന് സ്റ്റേ

divya-s-iyer

തിരുവനന്തപുരം: സര്‍ക്കാര്‍ ഏറ്റെടുത്ത കയ്യേറ്റ ഭൂമി സ്വകാര്യ വ്യക്തിക്ക് തിരിച്ച് കൊടുത്ത തിരുവനന്തപുരം സബ്കളക്ടറുടെ ഉത്തരവ് ജില്ലാ കളക്ടര്‍ കെ വാസുകി സ്റ്റേ ചെയ്തു. റവന്യൂ വകുപ്പ് ഏറ്റെടുത്ത 27 സെന്റ് കയ്യേറ്റ ഭൂമി സ്വകാര്യ വ്യക്തിക്ക് വിട്ടുകൊടുത്ത് തിരുവനന്തപുരം സബ് കലക്ടര്‍ ദിവ്യ എസ് അയ്യരാണ് ഉത്തരവിറക്കിയത്. സംഭവം അന്വേഷിക്കാന്‍ ലാന്‍ഡ് റവന്യൂ കമ്മീഷണറെ റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ ചുമതലപ്പെടുത്തി. പരാതി കമ്മീഷണര്‍ അന്വേഷിച്ചു റിപ്പോര്‍ട്ട് നല്‍കുന്നതുവരെയാണ് സ്റ്റേ.

വര്‍ക്കല വില്ലേജിലെ ഇലകമണ്‍ പഞ്ചായത്തിലുള്ള റോഡ് സൈഡിലുള്ള ഭൂമിയാണ് വിട്ടുകൊടുത്തത്.അയിരൂര്‍ പോലീസ് സ്റ്റേഷന്‍ നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ച സ്ഥലമായിരുന്നു ഇത്. നടപടിക്രമങ്ങള്‍ പാലിച്ചാണ് ഉത്തരവിറക്കിയതെന്ന് ദിവ്യ എസ് അയ്യര്‍ അറിയിച്ചു.

സര്‍ക്കാര്‍ പുറമ്പോക്ക് കൈവശം വെച്ചുവെന്ന് കണ്ടെത്തി 2017 ജൂലൈ 19നാണ് വര്‍ക്കല തഹസില്‍ദാര്‍ എന്‍ രാജു 27 സെന്റ് സ്ഥലം തിരിച്ച് പിടിച്ചത്. നിയമമനുസരിച്ച് നോട്ടീസ് നല്‍കി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയായിരുന്നു ഏറ്റെടുക്കല്‍. ഇതിനെതിരെ സ്ഥലമുടമ ജെ.ലിജി ഹൈക്കോടതിയെ സമീപിച്ചു. തങ്ങള്‍ക്ക് പറയാനുള്ളത് കേള്‍ക്കാതെ ഏകപക്ഷീയമായി തഹസില്‍ദാര്‍ നടപടിയെടുത്തുവെന്നായിരുന്നു പ്രധാന ആക്ഷേപം.

പരാതിക്കാരിക്ക് പറയാനുള്ളത് കേട്ട് നടപടിയെടുക്കാന്‍ റവന്യൂ ഡിവിഷണല്‍ ഓഫീസറായ സബ് കലക്ടറെ ചുമതലപ്പെടുത്തി ജഡ്ജി പി ബി സുരേഷ്‌കുമാര്‍ ഉത്തരവിട്ടു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരാതിക്കാരിയുടെ വാദം മാത്രം കേട്ട്, സ്ഥലം ഏറ്റെടുത്ത തഹസില്‍ദാറുടെ നടപടി റദ്ദ് ചെയ്ത് സബ് കലക്ടര്‍ ഉത്തരവിട്ടത്. താലൂക്ക് സര്‍വ്വേയറുടെ സഹായത്തോടെ ഭൂമി അളന്ന് തിരിച്ച് തിരികെ നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.

പരാതിക്കാരി ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ എതിര്‍റവന്യൂ ഡിവിഷണല്‍ ഓഫീസറായ സബ് കലക്ടറെ എതിര്‍കക്ഷിയാക്കിയിരുന്നില്ല. പിന്നീട് മറ്റൊരു അപേക്ഷ നല്‍കിയാണ് സബ്കലക്ടറെ കേസില്‍ ആറാം കക്ഷിയാക്കിയത്. ഇതില്‍ ദുരൂഹത ഉയരുന്നുണ്ട്.

വിഷയത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് സ്ഥലം എംഎല്‍എ വി ജോയി മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കിയിട്ടുണ്ട്.

Top