കൊല്ലം: മാധ്യമ വിലക്കുമായി ബന്ധപ്പെട്ട ഒരു പരാതിയും പരിഗണിക്കില്ലെന്നു കരുനാഗപ്പള്ളി സബ് കോടതി. രാഹുല്‍ കൃഷ്ണയുടെയും പത്രപ്രവര്‍ത്തക യൂണിയന്റെയും പരാതിയില്‍ ഇടപെടില്ലെന്നും, നിലവിലെ വിധിയില്‍ ആര്‍ക്കെങ്കിലും പരാതി ഉണ്ടെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി.
നേരത്തെ, ചവറ ഇടത് എംഎല്‍എ വിജയന്‍പിള്ളയുടെ മകന്‍ ശ്രീജിത്തിന്റെ സാമ്പത്തിക തട്ടിപ്പിനെതിരായ മാധ്യമ വിലക്കിന് ഹൈക്കോടതി സ്റ്റേ നല്‍കിയിരുന്നു. സാമ്പത്തിക തട്ടിപ്പ് കേസില്‍ വാര്‍ത്തകള്‍ നല്‍കുന്നതാണ് സബ് കോടതി വിലക്കിയിരുന്നത്.
കരുനാഗപ്പള്ളി സബ് കോടതിയുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്നും ഹൈക്കോടതി വിലയിരുത്തിയിരുന്നു.
ദുബായ് ബിസിനസുകാരന്‍ രാഹുല്‍ കൃഷ്ണ തന്റെ പേരു ദുരുപയോഗം ചെയ്യുന്നതായി ചൂണ്ടിക്കാട്ടി ശ്രീജിത്ത് വിജയന്‍ സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു കോടതിയുടെ ഇടപെടല്‍. ശ്രീജിത്ത് വിജയനും ബിനോയ് കോടിയേരിയും ഉള്‍പ്പെട്ട കേസിനെക്കുറിച്ചു യുഎഇ പൗരന്‍ ഇസ്മായില്‍ അബ്ദുല്ല അല്‍ മര്‍സൂഖി വാര്‍ത്താസമ്മേളനം നടത്താനിരിക്കെയാണു വിലക്കേര്‍പ്പെടുത്തിയത്.
കേസുമായി ബന്ധപ്പെട്ട വാര്‍ത്തകളോ ചര്‍ച്ചകളോ പ്രസ്താവനകളോ പാടില്ലെന്നാണു കരുനാഗപ്പള്ളി സബ്‌കോടതി ഉത്തരവിട്ടത്. ഉത്തരവിന്റെ പകര്‍പ്പ് പ്രസ് ക്ലബിനുമുന്‍പില്‍ പതിക്കുകയും ചെയ്തിരുന്നു.