ബലാല്‍സംഗക്കേസില്‍ അറസ്റ്റിലായ എസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്തു

suspened

കോഴിക്കോട്: ബലാല്‍സംഗക്കേസില്‍ അറസ്റ്റിലായ കൊയിലാണ്ടി എആര്‍ ക്യാമ്പ് എസ്‌ഐ ജിഎസ് അനിലിനെ സസ്‌പെന്‍ഡ് ചെയ്തു. വിവാഹമോചിതയും ഒരു കുട്ടിയുടെ അമ്മയുമായ യുവതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന അനിലിനെ കണ്ണൂര്‍ റേഞ്ച് ഡിഐജിയാണ് സസ്‌പെന്‍ഡ് ചെയ്തത്.

പയ്യോളി സ്‌റ്റേഷനില്‍ എസ്‌ഐ ആയിരിക്കെ പരാതിയുമായി എത്തിയ യുവതിയുമായി അനില്‍ പരിചയം സ്ഥാപിക്കുകയും പിന്നീട് ഭീഷണിപ്പെടുത്തി പീഡനം നടത്തുകയുമായിരുവെന്നാണ് കേസ്.

തുടര്‍ന്ന് രണ്ടുവട്ടം ഗര്‍ഭിണിയായ യുവതി ഇയാളുടെ നിര്‍ബന്ധപ്രകാരം ഗര്‍ഭച്ചിദ്രം നടത്തുകയും ചെയ്തു. മൊബൈലില്‍ തന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ എസ്‌ഐ അനില്‍ ഇത് പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പീഡനം തുടരുകയായിരുന്നെന്നും യുവതി പറയുന്നു. എതിര്‍ത്തപ്പോള്‍ കുഞ്ഞിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇക്കാര്യങ്ങള്‍ മജിസ്‌ട്രേട്ടിന് മുമ്പാകെ യുവതി രഹസ്യമൊഴി നല്‍കിയിട്ടുമുണ്ട്.

ഇതിനിടെ, പരാതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് യുവതിയെ ഭീഷണിപ്പെടുത്തിയതിന് എസ് ഐ അനിലിന്റെ ഭാര്യ ഷാഹി, മകള്‍ അമ്മു, മരുമകന്‍ അനീഷ് എന്നിവര്‍ക്കെതിരെ കൊയിലാണ്ടി പൊലീസ് കേസെടുത്തു. യുവതി ചികിത്സയില്‍ കഴിയുന്ന കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിയാണ് ഇവര്‍ ഭീഷണിപ്പെടുത്തിയത്.

Top