ജലനിരപ്പ് കുതിച്ചുയരുന്നു ; ഉപസമിതി ഇന്ന് മുല്ലപ്പെരിയാര്‍ സന്ദര്‍ശിക്കും

ഇടുക്കി : ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് ഉപസമിതി ഇന്ന് സന്ദര്‍ശിക്കും. ബുധനാഴ്ച രാവിലെ പത്തിനാണ് സന്ദര്‍ശനം. ജലനിരപ്പ് 141 അടിയിലെത്തിയ സാഹചര്യത്തിലാണ് അടിയന്തര സന്ദര്‍ശനം നടത്തുന്നത്.

ജലനിരപ്പ് 140 അടിയിലെത്തിയതോടെയാണ് അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടറുകളിലൂടെ വെള്ളം തുറന്നു വിട്ടത്. 4,489 ഘനയടി വെള്ളമാണ് ഇപ്പോള്‍ പുറത്തേക്ക് ഒഴുക്കുന്നത്. എന്നാല്‍ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനാല്‍ ജലനിരപ്പ് ഉയരുകയാണ്.

പേപ്പാറ അണക്കെട്ടിലും ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണെന്നും ഒരു ഷട്ടര്‍ കൂടി ഉയര്‍ത്തേണ്ടി വരുമെന്നുമാണ് വിവരം. നിലവില്‍ രണ്ടു ഷട്ടറുകള്‍ തുറന്നിട്ടുണ്ട്. 50 സെന്റീമീറ്റര്‍ വീതമാണ് ഈ ഷട്ടറുകള്‍ തുറന്നിരിക്കുന്നത്. ഇനി തുറക്കുന്ന ഷട്ടറും 50 സെന്റീ മീറ്റര്‍ തന്നെയാകും ഉയര്‍ത്തുകയെന്നാണ് വിവരം.

പമ്പ അണക്കെട്ടിലെ ജലനിരപ്പും അനുനിമിഷം ഉയരുകയാണ്. പുലര്‍ച്ചെ അഞ്ചിന് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 985.80 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. ഒന്നും ആറും ഷട്ടറുകള്‍ 60 സെന്റീമീറ്റര്‍ വീതവും രണ്ട്, മൂന്ന്, നാല്, അഞ്ച് ഷട്ടറുകള്‍ 105 സെന്റീമീറ്റര്‍ വീതവുമാണ് ഇവിടെ ഉയര്‍ത്തിയിരിക്കുന്നത്.

തെന്മല അണക്കെട്ടിലെയും സ്ഥിതി മറിച്ചല്ല. ഇവിടെ ഷട്ടറുകള്‍ രാവിലെ ഏഴോടെ 90 സെന്റീമീറ്ററില്‍ നിന്ന് 120 സെന്റീമീറ്ററാക്കി ഉയര്‍ത്തുമെന്നാണ് വിവരം.

Top