ന്യൂഡല്‍ഹി: പാരീസിലെ ഭീകരാക്രമണവുമായി ബന്ധമുള്ളവരെ അറിയാമെന്ന സുബ്ഹാനിയുടെ മൊഴിയുടെ വിശദാംശങ്ങള്‍ തേടി ഫ്രഞ്ച് രഹസ്യാന്വേഷണ വിഭാഗം.
ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗമായ റോയുടെ ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടാണ് ഫ്രഞ്ച് രഹസ്യാന്വേഷണ വിഭാഗത്തിന്റെ (ഡയറക്ടറേറ്റ് ജനറല്‍ ഫോര്‍ എക്‌സ്‌റ്റേണല്‍ സെക്യൂരിറ്റിDGSE) ഉദ്യോഗസ്ഥര്‍ വിശദാംശങ്ങള്‍ തേടിയിരിക്കുന്നത്.
ഇറാഖിലെത്തിയ സുബ്ഹാനിക്ക് തീവ്രവാദ പരിശീലനം നല്‍കിയത് ഫ്രഞ്ച് പൗരനായ കമാന്‍ഡര്‍ ആയിരുന്നുവെന്ന് കൊച്ചിയിലെ എന്‍ഐഎ ഉദ്യോഗസ്ഥരോട് സുബ്ഹാനി വ്യക്തമാക്കിയിരുന്നു.
ഇതുസബന്ധമായ കൂടുതല്‍ വിശദാശമാണ് ഫ്രഞ്ച് രഹസ്യാന്വേഷണ വിഭാഗം തേടിയത്.
2015 നവംബറില്‍ പാരീസിലെ തിയേറ്ററില്‍ നടന്ന വെടിവെപ്പില്‍ 130 പേരെ കൊലപ്പെടുത്തിയ അബ്ദുള്‍ ഹമീദ് അബൗദിനെ നേരിട്ടറിയാമായിരുന്നെന്ന സുബ്ഹാനിയുടെ വെളിപ്പെടുത്തലും ഗൗരവമായാണ് ഫ്രഞ്ച് സര്‍ക്കാര്‍ കാണുന്നത്.
സുബ്ഹാനിയെ ചോദ്യം ചെയ്യുന്നതിനായി ആവശ്യമെങ്കില്‍ ഫ്രഞ്ച് രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥര്‍ കേരളത്തിലെത്തുമെന്നാണ് അറിയുന്നത്.
ഫ്രാന്‍സിലേക്ക് സുബ്ഹാനിയെ കൊണ്ട് പോകുന്നത് പ്രായോഗികമല്ലാത്തതിനാല്‍ ഇന്ത്യാ ഗവണ്‍മെന്റുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥ സംഘത്തെ അയക്കുന്ന കാര്യമാണ് ഫ്രഞ്ച് സര്‍ക്കാര്‍ ആലോചിക്കുന്നത്.
അതേസമയം ഇതിനകം എന്‍ഐഎക്കും ഐബിക്കും ലഭ്യമായ വിവരങ്ങള്‍ ‘റോ’ ഫ്രഞ്ച് രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ക്കും കൈമാറിയിട്ടുണ്ട്.
ഫ്രാന്‍സുമായി വളരെ അടുത്ത ബന്ധമുള്ള രാജ്യമായതിനാല്‍ എന്ത് സഹായവും ചെയ്യാന്‍ റെഡിയായി ഇരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍.
ഉറി ആക്രമണം നടന്നപ്പോള്‍ അതിനെ ശക്തമായി അപലപിച്ചും തിരിച്ചടിച്ചപ്പോള്‍ ശക്തമായി പിന്‍തുണച്ചും ഇന്ത്യക്കൊപ്പം നിന്ന രാജ്യമാണ് ഫ്രാന്‍സ്.
മാത്രമല്ല പ്രതിരോധ മേഖലക്ക് കരുത്ത് പകര്‍ന്ന് ഫ്രാന്‍സിന്റ റാഫേല്‍ യുദ്ധ വിമാനങ്ങള്‍ വാങ്ങുന്നതിനായ കരാര്‍ ഇന്ത്യ ഒപ്പിട്ടതും അടുത്തയിടെയാണ്.
മലയാളിയായ സുബ്ഹാനി കഴിഞ്ഞ വര്‍ഷം ഏപ്രില്‍ അവസാനമായാണ് ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരുന്നതിനായി ചെന്നൈ വിമാനത്താവളം വഴി തുര്‍ക്കിയിലെ ഇസ്താംബൂളിലേക്ക് കടന്നത്. അവിടെ നിന്നാണ് പിന്നീട് ഇറാഖിലേക്ക് കടന്നത്.
ഈ കാലത്താണ് പാരീസ് ആക്രമണത്തിന് നേതൃത്വം കൊടുത്ത സലാഹ് അബ്ദുസലാം,അബ്ദുള്‍ ഹമീദ് അബൗദ് എന്നിവരെ പരിചയപ്പെട്ടത്.
ഇതില്‍ അബ്ദുള്‍ ഹമീദ് അബൗദ് പാരീസിലെ തിയേറ്ററില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു.
സലാഹ് അബ്ദുള്‍ സലാമാകട്ടെ ഫ്രഞ്ച് പൊലീസിന്റെ കസ്റ്റഡിയിലുമാണ്. സുബ്ഹാനിയുമായി ബന്ധപ്പെട്ട് പുറത്ത് വന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സലാഹ് അബ്ദുള്‍ സലാമിനെ വീണ്ടും ഫ്രഞ്ച് രഹസ്യാന്വേഷണ വിഭാഗം ചോദ്യം ചെയ്ത് വരികയാണ്.
കേരളത്തില്‍ രണ്ട് ജഡ്ജിമാര്‍ ഉള്‍പ്പെടെ അഞ്ച് വിഐപികളെ വകവരുത്താനും ഏഴ് തന്ത്രപ്രധാന ഇടങ്ങളില്‍ സ്‌ഫോടനം നടത്താനും പദ്ധതി തയ്യാറാക്കുന്നതിനിടെയാണ് സുബ്ഹാനിയും കൂട്ടുകാരും എന്‍ഐഎയുടെ പിടിയിലാകുന്നത്.