ഡല്‍ഹി: കടമെടുപ്പ് പരിധി വെട്ടിക്കുറച്ച കേന്ദ്ര നടപടിക്കെതിരെ കേരളം നല്കിയ ഹര്‍ജി സുപ്രീംകോടതി പരിഗണിച്ചു. വിഷയത്തില്‍ കേന്ദ്രവും കേരളവും ചര്‍ച്ച നടത്തിക്കൂടേയെന്ന് സുപ്രീം കോടതി ചോദിച്ചു. ചര്‍ച്ചയ്ക്ക് തയ്യാറെന്ന് കേന്ദ്രവും കേരളവും അറിയിച്ചു.
വായ്പാ പരിധി നിശ്ചയിക്കുന്നത് നയപരമായ തീരുമാനമാണ്. കൂടുതല്‍ കടമെടുക്കാന്‍ അനുവദിക്കുന്നത് സംസ്ഥാനങ്ങളെ പ്രതിസന്ധിയിലാക്കും. കേരളത്തിന്റെ കടമെടുപ്പ് സുതാര്യമല്ലെന്നും കേന്ദ്രം അഭിപ്രായപ്പെടുന്നു.കേരളത്തിന്റെ ധനമാനേജ്മെന്റ് മോശമാണെന്നും കിഫ്ബി അടക്കമുള്ള സംവിധാനങ്ങള്‍ വഴി ബജറ്റിനുപുറത്തുള്ള കടമെടുപ്പ് നടത്തുന്നത് വലിയ പ്രതിസന്ധിയിലേക്ക് നയിക്കുമെന്നുമൊക്കെയാണ് കേന്ദ്രം ആരോപിക്കുന്നത്. സംസ്ഥാനങ്ങളുടെ കടക്കെണി രാജ്യത്തിന്റെ ക്രെഡിറ്റ് റേറ്റിങ്ങിനെ ബാധിക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ പറയുന്നു. അതേസമയം, കേന്ദ്രസര്‍ക്കാരാണ് കൂടുതല്‍ കടമെടുക്കുന്നതെന്നും കേന്ദ്രത്തിന്റെ മോശം റേറ്റിങ് സംസ്ഥാനങ്ങളെ ബാധിക്കുന്നെന്നും കേരളം വാദിക്കുന്നു.
രണ്ട് മണിക്ക് നിലപാട് അറിയിക്കണമെന്നാണ് കോടതി പറഞ്ഞിരിക്കുന്നത്. കേരള ധനമന്ത്രിയും ധനസെക്രട്ടറിയും ചര്‍ച്ച നടത്തട്ടെ എന്നാണ് കോടതി നിര്‍ദ്ദേശിച്ചത്. കേരളത്തിന്റെ ധനമാനേജ്മെന്റിനെ കുറ്റപ്പെടുത്തി കേന്ദ്രം നല്കിയ കുറിപ്പിന് സംസ്ഥാന സര്‍ക്കാര്‍ അക്കമിട്ട് മറുപടി നല്‍കിയിരുന്നു. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.