ഇന്ത്യയില്‍ സ്വവര്‍ഗരതി പ്രോത്സാഹിപ്പിക്കാന്‍ പാടില്ലെന്ന് സുബ്രമണ്യന്‍ സ്വാമി

Subramanian Swamy

ന്യൂഡല്‍ഹി: ഇന്ത്യയില്‍ സ്വവര്‍ഗരതി പ്രോത്സാഹിപ്പിക്കാന്‍ പാടില്ലെന്ന് വ്യക്തമാക്കി ബി.ജെ.പി എം.പി സുബ്രമണ്യന്‍ സ്വാമി. ഇതിന് പരിഹാരം കണ്ടെത്തുന്നതിന് വൈദ്യശാസ്ത്ര ഗവേഷണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

സ്വവര്‍ഗ ലൈംഗികത ക്രിമിനല്‍ കുറ്റമാകുന്ന ഐ.പി.സി 377ാം വകുപ്പിനെ ചോദ്യം ചെയ്ത് സമര്‍പ്പിക്കപ്പെട്ട ഹര്‍ജികളില്‍ സുപ്രീം കോടതി വാദം കേള്‍ക്കുന്ന സാഹചര്യത്തിലായിരുന്നു സുബ്രഹ്മണ്യന്‍ സ്വാമി ഇത്തരത്തില്‍ പ്രതികരിച്ചത്.

സ്വവര്‍ഗരതി എന്നത് പ്രകൃതിവിരുദ്ധമായ കാര്യമാണെന്നും അത് ഒരിക്കലും പ്രോത്സാഹിപ്പിക്കാന്‍ പാടില്ലെന്നും ഹിന്ദുത്വത്തിന് എതിരാണതെന്നും ഇത് ചികിത്സിച്ച് ഭേദമാക്കാനാകുമോ എന്ന് കണ്ടെത്തുന്നതിനായി ഗവേഷണങ്ങള്‍ നടത്തണമെന്നും സുബ്രമണ്യന്‍ സ്വാമി ആവശ്യപ്പെട്ടു.

ആദ്യമായല്ല സ്വവര്‍ഗരതിക്കെതിരെ സുബ്രമണ്യന്‍ സ്വാമി തന്റെ നിലപാട് വ്യക്തമാക്കുന്നത്. സ്വവര്‍ഗാനുരാഗികളെ ശിക്ഷിക്കുന്നതിന് ഐ.പി.സിയുടെ 377ാം വകുപ്പ് നിലനിര്‍ത്തണമെന്ന് അദ്ദേഹം കഴിഞ്ഞ ജനുവരിയില്‍ ആവശ്യമുന്നയിച്ചിരുന്നു.

Top