രാമക്ഷേത്ര ഉദ്ഘാടനം: നരേന്ദ്ര മോദിക്കെതിരെ പരിഹാസവുമായി സുബ്രഹ്മണ്യൻ സ്വാമി

ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടനവുമായി ബന്ധപ്പെട്ട്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് മുൻ രാജ്യസഭാംഗവും ബി.ജെ.പി. നേതാവുമായ സുബ്രഹ്മണ്യൻ സ്വാമി. ഭാര്യയെ ഉപേക്ഷിച്ച മോദിക്ക്, ഭാര്യയെ രക്ഷിക്കാന്‍ യുദ്ധം ചെയ്ത രാമന്റെ പേരിലുള്ള ക്ഷേത്രത്തില്‍ എങ്ങനെ പൂജ ചെയ്യാനാകും എന്നായിരുന്നു അദ്ദേഹം എക്‌സില്‍ കുറിച്ചത്.

‘അയോധ്യയിലെ രാംലല്ലാ മൂര്‍ത്തിയുടെ പ്രാണ്‍ പ്രതിഷ്ഠാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്നത് രാമ ഭക്തരായ നമുക്ക് എങ്ങനെ അനുവദിക്കാനാവും. ഏകദേശം ഒന്നര പതിറ്റാണ്ടോളം തന്റെ ഭാര്യയായ സീതയെ രക്ഷിക്കാനാണ് രാമന്‍ യുദ്ധം ചെയ്തത്. എന്നാല്‍ സ്വന്തം ഭാര്യയെ ഉപേക്ഷിച്ചതിനാണ് മോദി അറിയപ്പെടുന്നത്. അതിനാല്‍ മോദിക്ക് പൂജ നടത്താനാകുമോ’, എന്നായിരുന്നു സുബ്രഹ്‌മണ്യം സ്വാമിയുടെ ചോദ്യം.

ജനുവരി 22-നാണ് രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം. 2020 ഓഗസ്റ്റ് അഞ്ചിനാണ് അയോധ്യയില്‍ രാമക്ഷേത്രനിര്‍മാണം ആരംഭിച്ചത്. എഴുപതര ഏക്കറാണ് ക്ഷേത്രം പണിതുയരുന്ന പ്രദേശത്തിന്റെ മൊത്തം വിസ്തൃതി. ഇതില്‍ 30 ശതമാനം സ്ഥലത്തുമാത്രമേ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നുള്ളൂ. ബാക്കിപ്രദേശം ഹരിതമേഖലയായി സംരക്ഷിക്കും.

Top