ന്യൂഡല്‍ഹി: ടൈംസ് നൗ ചാനലില്‍ നിന്ന് രാജിവെച്ച അര്‍ണബ് ഗോസ്വാമിയും ബിജെപി നേതാവും ഏഷ്യാനെറ്റ് ന്യൂസ് ഉടമയുമായ രാജീവ് ചന്ദ്രശേഖറിനൊപ്പം ആരംഭിക്കാനിരിക്കുന്ന പുതിയ ചാനലിന് റിപബ്ലിക് എന്ന പേരു നല്‍കരുതെന്നു കാട്ടി ബിജെപി എംപി സുബ്രഹ്മണ്യം സ്വാമി കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയത്തിന് കത്തയച്ചു.
രാജ്യവുമായി ബന്ധപ്പെട്ട ഔദ്യോഗിക പേരുകളും ചിഹ്നങ്ങളും പ്രയോഗങ്ങളും സംബന്ധിച്ച നിയമത്തിന്റെ ലംഘനമാണ് അര്‍ണബിന്റെ ചാനലിന് റിപബ്ലിക്ക് എന്ന പേരു നല്‍കുന്നതെന്നാണ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ ആരോപണം. റിപബ്ലിക് ദിനമായ നാളെ ഔദ്യോഗികമായി ചാനല്‍ പ്രഖ്യാപിക്കാനിരിക്കേയാണ് അപ്രതീക്ഷിതമായി അര്‍ണബിന് തിരിച്ചടിയുണ്ടായിരിക്കുന്നത്.
നവംബര്‍ ഒന്നിനാണ് ടൈംസ് നൗ എഡിറ്റര്‍ സ്ഥാനത്തുനിന്ന് അര്‍ണബ് രാജിവച്ചത്. പിന്നീട് സ്വന്തമായി ചാനല്‍ ആരംഭിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. ഏഷ്യാനെറ്റ് ന്യൂസിന്റെ ഉടമകളായ ജൂപ്പിറ്റര്‍ ഗ്രൂപ്പിന്റെ ചെയര്‍മാനും ബിജെപി നേതാവും രാജ്യസഭാംഗവുമായ രാജീവ് ചന്ദ്രശേഖറിന്റെ നിക്ഷേപത്തോടെയാണ് ചാനലിന് അര്‍ണബ് പദ്ധതിയിട്ടത്.
അഞ്ചു സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനു മുന്നോടിയായി ചാനല്‍ ആരംഭിക്കാനാണ് അര്‍ണബ് തീരുമാനിച്ചിരുന്നത്. അതിനു മുന്നോടിയായി ട്വിറ്ററിലും ഫേസ്ബുക്കിലും വാര്‍ത്താ സംപ്രേഷണവും പ്രചാരണവും ആരംഭിച്ചിരുന്നു.