സപ്ലൈകോയില്‍ സബ്‌സിഡി ഉത്പന്നങ്ങള്‍ എത്തി; ഇന്ന് മുതല്‍ വില്‍പന

തിരുവനന്തപുരം: സബ്‌സിഡി ഉത്പന്നങ്ങള്‍ എത്തിയതായി സപ്ലൈകോ അറിയിച്ചു. 11 സബ്‌സിഡി ഇനങ്ങളാണ് എത്തിയിരിക്കുന്നത്. സാധനങ്ങള്‍ എത്തിക്കുന്ന കരാറുകാര്‍ക്ക് കുടിശിക കൊടുത്തതോടെ ഇന്നലെ രാത്രിയോടെയാണ് ലോഡ് എത്തിച്ചത്. ഇന്നുമുതല്‍ പൂര്‍ണതോതില്‍ വില്പന നടക്കുമെന്നും സപ്ലൈകോ അറിയിച്ചു. സപ്ലൈകോയില്‍ സബ്‌സിഡി നിരക്കില്‍ അവശ്യസാധനങ്ങള്‍ ലഭ്യമാകാതിരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ക്കിടയില്‍ വന്‍പ്രതിഷേധം ഉയര്‍ന്നിരുന്നു.

13 ല്‍ നാലെണ്ണം മാത്രമാണ് ഇന്നലെ സ്റ്റോറിലുണ്ടായിരുന്നത്. അരിയും ചെറുപയറും മല്ലിയും വെളിച്ചെണ്ണയും മാത്രം. അതില്‍ വെളിച്ചെണ്ണയ്ക്ക് 141 രൂപയാണ് വില. പൊതുവിപണിയിലെ വിലയേക്കാള്‍ കൂടുതലാണെന്നാണ് നാട്ടുകാര്‍ പറയുന്നു. ഓര്ഡര്‍ നല്‍കിയിട്ടുണ്ടെന്നും സാധനങ്ങള്‍ 23 ന് എത്തിയേക്കും എന്നുമാത്രമായിരുന്നു ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നത്.

ഇത്തവണ ക്രിസ്മസ് ചന്തയില്ലാത്ത ജില്ലകളില്‍ ഒന്നായ ആലപ്പുഴയിലെ സപ്ലൈകോ ബസാറുകളിലും സബ്‌സിഡി സാധനങ്ങള്‍ ഒന്നുമില്ലായിരുന്നു. സപ്ലൈകോ സ്റ്റോറില്‍ ജയ അരിയും മട്ട അരിയും ഉണ്ടെങ്കിലും സബ്‌സിഡി ഇല്ലാത്തതിനാല്‍ ഉയര്‍ന്ന വില നല്‍കണം. വാങ്ങാന്‍ ആളില്ലാത്തതിനാല്‍ പല കടളിലും ജീവനക്കാര്‍ മാത്രമേയുള്ളൂ. പത്തനംതിട്ടയില്‍ കഴിഞ്ഞ ദിവസം തുടങ്ങിയ സപ്ലൈകോ പ്രത്യേക ക്രിസ്തുമസ് ഫെയറില്‍ അഞ്ച് സബ്‌സിഡി ഇനങ്ങള്‍ മാത്രമാണുള്ളത്. സബ്‌സിഡി ഇനങ്ങള്‍ ഇല്ലാത്തതിനാല്‍ ആളും നന്നേ കുറവായിരുന്നു.

Top