ഡൽഹി: ഇന്ത്യൻ വാർത്താ വിനിമയ ഉപഗ്രഹം ജി സാറ്റ് 24ന്റെ വിക്ഷേപണം വിജയകരം. പുലർച്ചെ 3.20ന് ഫ്രഞ്ച് ഗയനായിലെ യൂറോപ്യൻ സ്പേസ് പോർട്ടിൽ നിന്നായിരുന്നു വിക്ഷേപണം.
ഐഎസ്ആർഒയുടെ വാണിജ്യ വിഭാഗം ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡിന്റെ ആദ്യ കരാർ ഉപഗ്രഹ ദൗത്യമായിരുന്നു ഇത്. നാല് ടൺ ഭാരമുള്ള കു ബാൻഡ് ഉപഗ്രഹം അരിയാൻ 5 കൃത്യമായി ഭ്രമണപഥത്തിലെത്തിച്ചു. ടാറ്റ പ്ലേയ്ക്ക് വേണ്ടി നിർമ്മിച്ച ഉപഗ്രഹമാണ് ഇത്. ഉപഗ്രഹത്തിൽ നിന്ന് സിഗ്നലുകൾ ലഭിച്ചു.
2019ലാണ് സെൻട്രൽ പബ്ലിക് സെക്ടർ എൻറർപ്രൈസായി എൻഎസ്ഐഎൽ രൂപീകരിക്കുന്നത്. ഇന്ത്യൻ ബഹിരാകാശ മേഖലയുടെ വാണിജ്യ സാധ്യതകൾ ഉപയോഗപ്പെടുത്തുന്നതിനായിട്ടാണ് ഇത്. 2020ലെ ബഹിരാകാശ നയമാറ്റത്തോടെയാണ് ഐഎസ്ആർഒയുടെ വിക്ഷേപണ വാഹനങ്ങളിൽ വിദേശ ഉപഗ്രഹങ്ങൾ വിക്ഷേപിക്കാനുള്ള കരാറുകൾക്കപ്പുറം ഉപഗ്രഹ നിർമ്മാണ കരാറുകൾ കൂടി ഏറ്റെടുക്കാൻ അനുമതി ലഭിക്കുന്നത്.