കാർട്ടൂം : സുഡാന്റെ സസ്പെൻഷൻ പിൻവലിച്ച് ആഫ്രിക്കൻ യൂണിയൻ. സുഡാനില്‍ പുതിയ സിവിലിയന്‍ സര്‍ക്കാര്‍ രൂപികരിച്ച പശ്ചാത്തലത്തിലാണ് തീരുമാനം.
സുഡാന്‍ പ്രധാനമന്ത്രിയായി അബ്ദുള്ള ഹംദോക്കാണ് ചുമതലയേറ്റത്. പ്രധാനമന്ത്രി പദത്തിലെത്തിയ ശേഷം അദ്ദേഹം മന്ത്രിസഭ രൂപീകരിക്കുകയും ചെയ്തിരുന്നു. ഇതും കൂടി പരിഗണിച്ചാണ് ആഫ്രിക്കന്‍ യൂണിയന്‍റെ നടപടി. സസ്പെന്‍ഷന്‍ പിന്‍വലിച്ച തീരുമാനത്തെ സുഡാന്‍ സ്വാഗതം ചെയ്തു.
കഴിഞ്ഞ ജൂണിലാണ് ആഫ്രിക്കൻ യൂണിയൻ സുഡാനെ സസ്പെന്റ് ചെയ്തത്. ഏകാധിപതിയായിരുന്ന ഒമർ അൽ ബഷീറിനെ ജനം സ്ഥാനഭ്രഷ്ടനാക്കിയതിനെത്തുടർന്ന് ഭരണം സൈന്യം ഏറ്റെടുത്തതോടെയായിരുന്നു നടപടി. സൈനിക ഭരണത്തിനെതിരെയുണ്ടായ ജനകീയ പ്രക്ഷോഭത്തിൽ നിരവധി പേർ കൊല്ലപ്പെട്ടിരുന്നു.