ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ മഹാമാരിയായ കൊറോണ എന്ന മഹാമാരിയുടെ വ്യാപനം തടയുന്നതിനായി പല ബോധവത്കരണ പരിപാടികളാണ് നടക്കുന്നത്. എന്നാല്‍ ഇപ്പോള്‍ വ്യത്യസ്തമായൊരു ബോധവത്കരണം നടത്തുകയാണ് ഹൈദരാബാദിലെ സുധ കാര്‍ മ്യൂസിയം.
കൊറോണ വൈറസിന്റെ മാതൃകയില്‍ കാര്‍ നിര്‍മിച്ച് നിരത്തുകളില്‍ ബോധവത്കരണം നടത്തുകയാണിവര്‍.
ആളുകളില്‍ ഒരേ സമയം കൗതുകവും ഭീതിയും ജനിപ്പിച്ചാണ് ഈ വാഹനം നിരത്തുകളിലൂടെ ഓടുന്നത്. വൈറസ് എവിടെയുമെത്തുമെന്ന സന്ദേശം നല്‍കുന്നതിനാണ് കൊറോണ വൈറസിന്റെ രൂപത്തില്‍ കാര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നതെന്ന് സുധ കാര്‍ മ്യൂസിയം അധികൃതര്‍ അറിയിച്ചു.
100 സിസി എന്‍ജിനില്‍ ഒരു സീറ്റ് നല്‍കിയുണ്ടാക്കിയുട്ടുള്ള ഫോര്‍ വീലറാണ് കൊറോണ വൈറസ് ഷേപ്പില് എത്തിയിരിക്കുന്നത്. മണിക്കൂറില്‍ 40 കിലോമീറ്ററാണ് ഈ വാഹനത്തിന്റെ പരമാവധി വേഗത.
കൊറോണ ബോധവത്കരണ പരിപാടികള്‍ക്കായി പത്ത് ദിവസം കൊണ്ടാണ് ഈ കാര്‍ നിര്‍മ്മിച്ചത്. മുമ്പ് എയ്ഡ്‌സ് ബോധവത്കരണത്തിനായി ഒരു ബൈക്കിന് കോണ്ടത്തിന്റെ രൂപം നല്‍കിയിരുന്നു.