ശബരിമലയിൽ സ്ത്രീകൾ സന്ദർശിച്ചു കൂടാ. പൗരാണിക കാലം മുതൽക്ക് നിലനിൽക്കുന്ന ഒരു ആചാരത്തിന്റെയും വിശ്വാസത്തിന്റെയും ഭാഗമാണ് ഇത്. അല്ല, ഇത് ലിംഗ നീതിയുടെ നേർ കാഴ്ചയാണ്. ഇവിടെ ശുദ്ധിയും അശുദ്ധിയും ഒന്നുമില്ല എന്നൊക്കെ പരസ്പരം ആരോപിക്കുന്നവരും പഴി പറയുന്നവരും ഇതൊന്ന് കാണണം.
പരിശുദ്ധമായ പതിനെട്ടാം പടിയിൽ നിൽക്കുന്ന കാവി വസ്ത്രം ധരിച്ച ഒരു പറ്റം സ്ത്രീകൾ. പ്രാർത്ഥനയും നാമ ജപവും ഒക്കെയായി അവിടെ നിന്ന് നൃത്തം വെക്കുന്ന സ്ത്രീ ജനങ്ങൾ. എന്തൊക്കെ അസംബന്ധമാണ് ഈ പറഞ്ഞു വരുന്നത് എന്ന് പറയാൻ വരട്ടെ വീഡിയോ ഒന്ന് ശ്രദ്ധിച്ചു നോക്കൂ. വീഡിയോയിൽ നർത്തകിയും അഭിനേത്രിയുമായ സുധാ ചന്ദ്രനെ കാണാം. ശബരി മല വിധി പുറത്ത് വന്നപ്പോൾ പല പ്രമുഖർക്കുമൊപ്പം സുധയും തന്റെ നിലപാട് വ്യക്തമാക്കിയിരുന്നു. ശബരിമലയിൽ പോകാൻ ആഗ്രഹം ഉണ്ടെന്നും എന്നാൽ വിശ്വാസങ്ങളെയും ആചാരങ്ങളെയും ലംഘിച്ചു മല കയറാൻ താൽപ്പര്യം ഇല്ലെന്നും അവർ പറഞ്ഞിരുന്നു. പിന്നെ ഇതിപ്പോ എന്തിനാണ് ഇവർ മല കയറിയത് എന്നല്ലേ?
പറയാം. ഈ വീഡിയോയെ കുറിച്ച് താരം തന്നെ വിശദീകരണം നൽകിയിട്ടുണ്ട്. 1986-ൽ ചിത്രീകരിച്ച ‘നമ്പിനാർ കെടുവാതിലൈ’ എന്ന ചിത്രത്തിലെ രംഗമാണ് ഇത്. ഒരു ഭക്തി സാന്ദ്രമായ സിനിമയാണ് ഇത്. കെ. ശങ്കറാണ് ചിത്രത്തിന്റെ സംവിധായകൻ. സുധയെ കൂടാതെ അനു മനോരമ, ജയശ്രീ തുടങ്ങിയവരും ഗാനത്തിൽ ഉണ്ട്. സ്ത്രീകളെ ശബരിമലയിൽ പ്രവേശിക്കാറില്ലല്ലോ പിന്നെ ഈ രംഗങ്ങൾ എങ്ങനെ ചിത്രീകരിച്ചു എന്നല്ലേ? ഈ രംഗങ്ങൾ ഒരു സെറ്റിൽ വെച്ചാണ് ചിത്രീകരിച്ചത് എന്നാണ് സുധാ ചന്ദ്രൻ നൽകിയ വിശദീകരണം. എന്തൊക്കെയായാലും വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഉൾപ്പടെ വൈറൽ ആണ്.