ന്യൂഡല്‍ഹി: ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പിലേക്ക് മലയാളി താരം പി യു ചിത്രയെ ഒഴിവാക്കി ദേശീയ അത്‌ലറ്റിക് ഫെഡറേഷന്‍ പരിഗണിച്ച സ്റ്റീപ്പിള്‍ ചേസ് താരം സുധ സിങ്ങിന് മല്‍സരത്തില്‍ പങ്കെടുക്കാനുള്ള അനുമതി ദേശീയ അത്‌ലറ്റിക് ഫെഡറേഷന്‍ നിഷേധിച്ചു.
സെലക്ഷന്‍ കമ്മറ്റി പരിഗണിക്കാതിരുന്ന സുധ സിങ്ങിനെ അത്‌ലറ്റിക് ഫെഡറേഷന്‍ പ്രത്യേക സമ്മര്‍ദം ചെലുത്തി ടീമിലുള്‍പ്പെടുത്തിയ സംഭവം വിവാദമായിരുന്നു.
ലോക ചാംപ്യന്‍ഷിപ്പിനുള്ള എന്‍ട്രികള്‍ ഈ മാസം 24ന് അയച്ചുവെന്നും വൈകി അയയ്ക്കുന്നവ രാജ്യാന്തര ഫെഡറേഷന്‍ സ്വീകരിക്കില്ലെന്നുമായിരുന്നു ചിത്രയെ തഴഞ്ഞപ്പോള്‍ ഇന്ത്യന്‍ അത്‌ലറ്റിക് ഫെഡറേഷന്റെ നിലപാട്.
എന്‍ട്രി നല്‍കിയപ്പോള്‍ സുധ സിങ്ങിന്റെ യോഗ്യതയായി ഫെഡറേഷന്‍ അവതരിപ്പിച്ചത് ഏഷ്യന്‍ അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പിലെ സ്വര്‍ണ നേട്ടമാണ്.
എന്നാല്‍ ഇതേ മല്‍സരത്തില്‍ സ്വര്‍ണ ജേതാവായിരുന്നു ചിത്രയും.
സംഭവവുമായി ബന്ധപ്പെട്ട്, സുധയുടെ പേര് വെട്ടാന്‍ മറന്നുപോയതാകാമെന്ന കാരണമാണ് ഫെഡറേഷന്‍ ചൂണ്ടിക്കാട്ടിയത്.
സെലക്ഷന്‍ കമ്മിറ്റി തയ്യാറാക്കിയ പട്ടിക ഡെപ്യൂട്ടി കോച്ച് രാധാകൃഷ്ണന്‍ നായരാണ് ലണ്ടനിലേക്ക് അയച്ചതെന്നും അതില്‍ സുധാ സിങ്ങിന്റെ പേര് എങ്ങനെ വന്നപവെന്നതിനെ കുറിച്ച് അറിയില്ലെന്നും ദേശീയ അത്‌ലറ്റിക് ഫെഡറേഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി.
അതേസമയം, ലോക ചാമ്പ്യന്‍ഷിപ്പിനുള്ള ആദ്യ പട്ടികയില്‍ താനുണ്ടാകില്ലെന്നും പിന്നീട് ഉള്‍പ്പെടുത്തുമെന്നുമുള്ള കാര്യം നേരത്തെ അറിയാമായിരുന്നുവെന്നും വെളിപ്പെടുത്തി സുധാ സിങ്ങ് തന്നെ രംഗത്ത് വന്നു.