ന്യൂഡല്‍ഹി : സ്ഥാനമൊഴിയുന്ന ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡിക്ക് പകരം മുതിര്‍ന്ന നേതാവ് ഡി രാജ സിപിഐ ജനറല്‍ സെക്രട്ടറി. രാവിലെ ചേര്‍ന്ന സെക്രട്ടേറിയേറ്റ് യോഗത്തിലാണ് ഡി രാജയെ പുതിയ ജനറല്‍ സെക്രട്ടറിയാക്കാന്‍ തീരുമാനമായത്. ദേശീയ കൗണ്‍സില്‍ ചേര്‍ന്ന ശേഷമായിരിക്കും പ്രഖ്യാപനമുണ്ടാകുക. ദേശീയരംഗത്തെ ഇടപെടല്‍, മറ്റ് പ്രതിപക്ഷ നേതാക്കളുമായുള്ള ബന്ധം, ദളിത് പശ്ചാത്തലം എന്നിവയാണ് ഡി രാജയ്ക്ക് അനുകൂലമായത്.
ലോക്‌സഭ തിരഞ്ഞെടുപ്പ് തിരിച്ചടിക്ക് പിന്നാലെയാണ് ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിയാന്‍ സുധാകര്‍ റെഡ്ഡി താല്‍പര്യം അറിയിച്ചത്. മൂന്നു ടേം തികയ്ക്കാന്‍ രണ്ടു വര്‍ഷം കൂടി ബാക്കി നില്‍ക്കെയായിരുന്നു റെഡ്ഡിയുടെ തീരുമാനം. അനാരോഗ്യം ചൂണ്ടിക്കാട്ടിയായിരുന്നു സുധാകര്‍ റെഡ്ഡിയുടെ നിര്‍ദ്ദേശം. പാര്‍ട്ടിയെ ചലിപ്പിക്കാന്‍ കഴിയുന്ന നേതാവിനെ കണ്ടെത്തണമെന്നാണ് നിര്‍ണായക സ്വാധീനമുള്ള കേരള ഘടകത്തിന്റെ നിലപാട്.