തിരുവനന്തപുരം: ഒരു അഡാര്‍ ലവിലെ നായിക പ്രിയയുടെ കണ്ണിറുക്കലിന് പുതിയ രൂപം നല്‍കി മന്ത്രി ജി സുധാകരന്‍. പ്രിയയുടെ കണ്ണിറുക്കലിനെ ‘നോട്ട ടെക്‌നോളജി’യുമായാണ് മന്ത്രി താരതമ്യം ചെയ്തിരിക്കുന്നത്. നോട്ട ടെക്‌നോളജിയുടെ മാറുന്ന രൂപമാണ് ഈ കണ്ണിറുക്കലെന്നും, ആളുകള്‍ ആളുകളെ നോക്കുന്ന രീതി മാറിക്കൊണ്ടിരിക്കുന്നുവെന്നും നിയമസഭയില്‍ മന്ത്രി പരാമര്‍ശിച്ചു.
‘ഒരു കുമാരി മറ്റൊരു കുമാരനെ നോക്കി കണ്ണിറുക്കുന്നതാണ് ഇപ്പോള്‍ ലോകത്തെ ഏറ്റവും വലിയ സംഭവം. ഇങ്ങനെ കണ്ണിറുക്കാന്‍ നമുക്കെല്ലാം പറ്റും. പരിശീലിക്കണമെന്നുമാത്രം,’ അദ്ദേഹം പറഞ്ഞു.
ഐ.ടി.മേഖലയിലെ ജീവനക്കാരുടെ തൊഴിലിലെ സുരക്ഷിതത്വമില്ലായ്മയെക്കുറിച്ചും ഇവര്‍ക്കായി ക്ഷേമനിധി രൂപവത്കരിക്കണമെന്നും ആവശ്യപ്പെട്ട് പി.ടി. തോമസ് സ്വകാര്യബില്ലിന് അവതരണാനുമതി തേടിയിരുന്നു. ഇതിന് മറുപടി പറയുകയായിരുന്നു മന്ത്രി.
സാങ്കേതികവിദ്യയുടെ വികസനത്തോടെ ഐ.ടി.മേഖലയില്‍ നിരവധി ജീവനക്കാര്‍ക്ക് ജോലി നഷ്ടമാകുന്നുവെന്ന് പി.ടി. തോമസ് പറഞ്ഞു. ഇത് കേട്ടപ്പോഴാണ് കണ്ണിറുക്കലിലൂടെ വളരുന്ന ‘നോട്ട ടെക്‌നോളജി’യെക്കുറിച്ചുള്ള മന്ത്രിയുടെ പരാമര്‍ശം.