വയല്‍ക്കിളികള്‍ക്ക് പിന്നില്‍ വികസന വിരുദ്ധര്‍; സമരം ജനങ്ങള്‍ കൈകാര്യം ജി സുധാകരന്‍

G Sudhakaran

തളിപറമ്പ്: വയല്‍ക്കിളികള്‍ക്കും മാധ്യമങ്ങള്‍ക്കുമെതിരേ രൂക്ഷ വിമര്‍ശനവുമായി മന്ത്രി ജി.സുധാകരന്‍. തളിപ്പറമ്പില്‍ ദേശീയപാത നിര്‍മാണം തടയുന്ന വയല്‍ക്കിളികള്‍ക്ക് പിന്നില്‍ വികസന വിരുദ്ധരാണെന്നും ഇവരെ ജനങ്ങള്‍തന്നെ കൈകാര്യം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ചേര്‍ത്തലയില്‍ ദേശീയപാത നിലവാരത്തില്‍ നിര്‍മിച്ച പതിനൊന്നാംമൈല്‍-മുട്ടത്തിപ്പറമ്പ് റോഡ് ഉദ്ഘാടനത്തിനിടെയായിരുന്നു വിമര്‍ശനം.

വികസനവിരുദ്ധ സമരങ്ങളിലൂടെ വെടിവെയ്പ്പ് സൃഷ്ടിക്കുന്നതിനാണ് ചിലര്‍ ശ്രമിക്കുന്നത്. തുടക്കത്തില്‍ തന്നെ സ്ഥലം സന്ദര്‍ശിച്ച് സമരക്കാരുമായി ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്നാണ് മറ്റൊരു വഴിയിലൂടെ ദേശീയപാത നിര്‍മിക്കാന്‍ വിദഗ്ധ സംഘം നിര്‍ദേശം സമര്‍പ്പിച്ചിരുന്നു. എന്നാല്‍ അതും അംഗീകരിക്കാന്‍ സമരക്കാര്‍ തയ്യാറായിരുന്നില്ല.

ഇതോടെ കിളികളുടെ പ്രശ്നം വേറെയാണെന്ന് മനസ്സിലായെന്നും സംസ്ഥാനത്തിനും സംസ്ഥാനത്തിന്റെ വികസനത്തിനും എതിരായ നീക്കത്തെ തുണയ്ക്കുന്ന മാധ്യമങ്ങള്‍ സമൂഹവിരുദ്ധ പ്രവര്‍ത്തനമാണ് നടത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ശരിയായ വിമര്‍ശനങ്ങളെ സര്‍ക്കാര്‍ അംഗീകരിക്കുമെന്നും എന്നാല്‍, സ്ഥാപിത താത്പര്യത്തോടെയുള്ള നീക്കങ്ങളെ അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Top