നയം വ്യക്തമാക്കി സുധാകരന്‍ ; എന്ത് സംഭവിച്ചാലും ബിജെപിയിലേക്കോ സിപിഎമ്മിലേക്കോ പോകില്ലെന്ന്‌

sudhakaran

കണ്ണൂര്‍ : രാഷ്ട്രീയത്തില്‍ എന്ത് സംഭവിച്ചാലും ബിജെപിയിലേക്കും സിപിഎമ്മിലേക്കും പോകില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. രാഷ്ട്രീയ മര്യാദകൊണ്ടാണ് ബിജെപിയിലേക്ക് ക്ഷണം കിട്ടിയകാര്യം തുറന്ന് പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

തനിക്ക് ബിജെപിയിലേക്ക് ക്ഷണമുണ്ടായിരുന്നുവെന്നും ഇതിനുവേണ്ടി രണ്ട് തവണ ദൂതന്മാര്‍ തന്നെ വന്നു കണ്ടിരുന്നുവെന്നും കഴിഞ്ഞദിവസം സുധാകരന്‍ വെളിപ്പെടുത്തിയിരുന്നു. അമിത് ഷായുമായും ചെന്നൈയിലെ രാജയുമായും കൂടിക്കാഴ്ചക്കായിരുന്നു ക്ഷണം എന്നാല്‍ തന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയതോടെ പിന്നീടവര്‍ സമീപിച്ചിട്ടില്ലന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഈ പ്രസ്താവന വിവാദമായ സാഹചര്യത്തിലാണ് വിശദീകരണവുമായി സുധാകരന്‍ രംഗത്ത് വന്നത്. തെറ്റായ വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക്കെതിരെ നിയമപരമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലങ്ങോളമിങ്ങോളം ബിജെപിയെ രൂക്ഷമായി വിമര്‍ശിച്ച് പ്രസംഗിക്കുന്ന കോണ്‍ഗ്രസിലെ പ്രമുഖ നേതാക്കളില്‍ ഒരാളാണ് ഞാന്‍. അങ്ങനെയുള്ള താന്‍ ബിജെപിയിലേക്ക് പോകുമെന്ന് പറയുന്നത് എന്തടിസ്ഥാനത്തിലാണെന്നും സുധാകരന്‍ ചോദിച്ചു. തന്റെ പ്രസ്താവനയെ ചിലര്‍ ദുരുപയോഗം ചെയ്യുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍ മാനസികനില തെറ്റിയതു പോലെയാണ് സംസാരിക്കുന്നത്. എന്തൊക്കെ സംഭവിച്ചാലും ബിജെപിയിലേക്കോ സിപിഐഎമ്മിലേക്കോ ഇല്ല. സിപിഐഎം നാണംകെട്ട പാര്‍ട്ടിയാണ്. ന്യൂനപക്ഷങ്ങളെ ആകര്‍ഷിക്കാന്‍ സിപിഐഎം ചെപ്പടിവിദ്യ കാണിക്കുകയാണ്. ഗുജറാത്തില്‍ ന്യൂനപക്ഷങ്ങളെ കൊന്നൊടുക്കിയതു പോലെ കേരളത്തില്‍ ന്യൂനപക്ഷങ്ങളെ കൊന്നൊടുക്കുന്നത് സിപിഐഎമ്മാണെന്നും സുധാകരന്‍ ആരോപിച്ചു.

Top