തിരുവനന്തപുരം: കെപിസിസി പുന:സംഘടനയില്‍ തര്‍ക്കങ്ങള്‍ ഉണ്ടെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍. തര്‍ക്കങ്ങള്‍ പരിഹരിച്ച് രണ്ടു ദിവസത്തിനകം പട്ടിക കൈമാറുമെന്നും സുധാകരന്‍ അറിയിച്ചു.
മുന്‍ ഡിസിസി പ്രസിഡന്റുമാരായ എം.പി. വിന്‍സന്റ് , രാജീവന്‍ മാസ്റ്റര്‍ എന്നിവര്‍ക്ക് മാനദണ്ഡങ്ങള്‍ മറികടന്ന് ഇളവ് നല്‍കാനുള്ള നീക്കം ഗ്രൂപ്പുകള്‍ എതിര്‍ത്തതോടെയാണ് പട്ടിക കൈമാറാതെ നേതൃത്വം ഡല്‍ഹിയില്‍ നിന്ന് മടങ്ങിയത്. മാനദണ്ഡങ്ങള്‍ തയാറാക്കി ധാരണയിലെത്തിയാണ് പുനസംഘടന ചര്‍ച്ച ആരംഭിച്ചത്. മുന്‍ ഡിസിസി പ്രസിഡന്റ്മാരെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കേണ്ടതില്ല എന്നായിരുന്നു തീരുമാനം.
എന്നാല്‍, വനിതാ പ്രാതിനിധ്യം ഉറപ്പാക്കാന്‍ ബിന്ദു കൃഷ്ണയ്ക്കും പത്മജ വേണുഗോപാലിനും ഇളവ് നല്‍കുന്നത് പരിഗണിച്ചു. ഡിസിസി പ്രസിഡന്റ് പദവിയില്‍ ഒന്നര വര്‍ഷമേ ഇരിക്കാനായുള്ളവെന്ന വാദം ഉയര്‍ത്തി എം.പി. വിന്‍സന്റിനും യു. രാജിവനും ഇളവ് അനുവദിക്കാന്‍ ശ്രമിച്ചതാണ് തര്‍ക്കം രൂഷമാകാന്‍ കാരണം. ഇതില്‍ തര്‍ക്കം ഉണ്ടെന്നും ഉടന്‍ പരിഹരിക്കുമെന്നും കെ.സുധാകരന്‍ വ്യക്തമാക്കി.
എന്നാല്‍, നേരത്തെയുണ്ടാക്കിയ മാനദണ്ഡങ്ങളില്‍ ചിലര്‍ക്ക് മാത്രം ഇളവ് അനുവദിക്കുന്നതിനെ ഗ്രൂപ്പുകള്‍ ശക്തമായി എതിര്‍ക്കുകയാണ്. മാനദണ്ഡങ്ങള്‍ പൊളിക്കുന്നതിന് പിന്നില്‍ കെ.സി.വേണുഗോപാല്‍ ആണെന്നും ഗ്രൂപ്പുകള്‍ വിശ്വസിക്കുന്നു. എന്നാല്‍, ഇത് അടിസ്ഥാനരഹിതമാണെന്ന് കെ.സുധാകരന്‍ പറഞ്ഞു. മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും കണ്ട് തര്‍ക്കം പരിഹരിക്കാന്നുള്ള തീവ ശ്രമത്തിലാണ് നേതൃത്വം.