തിരുവനന്തപുരം : കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് എത്തിയിട്ട് ഒന്നേ മുക്കാൽ വർഷമായെങ്കിലും, ഇതുവരെ കാര്യമായി ഒന്നും ചെയ്യാൻ പറ്റാത്തതിൽ നിരാശയുണ്ടെന്ന് കെ.സുധാകരൻ എംപി. ടെൻഷൻ എടുത്ത് തലയിൽ വയ്ക്കേണ്ടിയിരുന്നില്ലെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. എന്നാല്‍ ആരെയും അതിന്റെ പേരിൽ കുറ്റപ്പെടുത്തുന്നില്ല. പാർട്ടിയിൽ ഇപ്പോൾ ഐക്യമുണ്ടായതിൽ സന്തോഷം തോന്നുന്നു. തന്റെ സ്വപ്നങ്ങൾ പ്രാവർത്തികമാക്കാമെന്ന പ്രതീക്ഷയുണ്ടെന്നും ന്യൂനപക്ഷങ്ങളെ ഒപ്പം കൂട്ടാൻ എല്ലാ വഴികളും തേടുമെന്നും കെ.സുധാകരൻ പറഞ്ഞു.
മൽസരരംഗത്തുനിന്ന് ആർക്കും മാറി നിൽക്കാനാകില്ലെന്നും, പാർട്ടി പറഞ്ഞാൽ മൽസരിച്ചേ പറ്റൂവെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. 75–ാം പിറന്നാൾ ദിനത്തിലാണ് കെ.സുധാകന്റെ പ്രതികരണം.
‘ഈ പിറന്നാളിനു നല്ല സന്തോഷമുണ്ട്. പാർട്ടിക്കുള്ളിൽ ഐക്യമില്ല എന്ന തരത്തിൽ പരസ്യമായി പ്രചാരണങ്ങളും വിവാദങ്ങളും നടക്കുന്ന സന്ദർഭത്തിൽ നല്ലൊരു ക്യാംപ് നടന്നു. ക്യാംപിനുള്ളിൽ ഉരുത്തിരിഞ്ഞുവന്ന തീരുമാനങ്ങൾ എന്നെ സന്തോഷവാനാക്കുന്നു. എനിക്കുള്ള പിറന്നാൾ സമ്മാനമായി ഞാൻ അതിനെ സ്വീകരിക്കുകയാണ്. ഐക്യത്തോടെ മുന്നോട്ടു പോകാൻ പ്രതിജ്ഞയെടുത്തു കൊണ്ടാണ് ഇന്നത്തെ ക്യാംപ് സമാപിച്ചത്. ഒരു തർക്കവുമില്ലാതെ പാർട്ടിക്കകത്ത് പ്രവർത്തിക്കുമെന്ന് എല്ലാ ആളുകളും വാക്കു തന്ന ദിവസമാണ്.’ – സുധാകരൻ പറഞ്ഞു.
‘‘കെപിസിസി അധ്യക്ഷനെന്ന നിലയിൽ എനിക്ക് പാർട്ടിക്കകത്ത് ഒരുപാടു സ്വപ്നങ്ങളുണ്ട്. ചെയ്യാൻ സാധിച്ചിട്ടില്ല. എല്ലാ പ്രവർത്തനങ്ങൾക്കും പാർട്ടിക്കകത്ത് ഒരുപാടു തടസങ്ങളുണ്ടായി. പാർട്ടി പുനഃസംഘടന ഇത്രയേറെ നീണ്ടുപോയത് അത്തരമൊരു പ്രശ്നം കൊണ്ടാണ്. അതിനെല്ലാം ഒരു ശാശ്വത പരിഹാരം ഉണ്ടായി എന്നു പറയുമ്പോൾ, പാർട്ടിക്കായുള്ള എന്റെ പദ്ധതികൾ നടപ്പാക്കാൻ സാധിക്കുമെന്ന അമിത സന്തോഷത്തിലാണ് ഞാനിപ്പോൾ.’
‘‘ലോക്സഭാ തിരഞ്ഞെടുപ്പിനായി നമ്മൾ വളരെ മികച്ച പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. താഴേത്തട്ടിലുള്ള ജനങ്ങളെ വരെ കയ്യിലെടുക്കാൻ സാധിക്കുന്ന പ്രചരണ തന്ത്രങ്ങൾ ഉൾപ്പെടെ മിഷൻ 24 എന്ന പേരിൽ നമ്മൾ ഉണ്ടാക്കിയിട്ടുണ്ട്. അത് പ്രാവർത്തികമാകുമ്പോൾ കേരളത്തിലെ കോൺഗ്രസ് ഉന്നത നിലവാരത്തിലെത്തും.’
‘ഞാൻ കെപിസിസി പ്രസിഡന്റ് സ്ഥാനത്തു വന്നിട്ട് ഒന്നേ മുക്കാൽ കൊല്ലമായി. ഇതുവരെ കാര്യമായ പ്രവർത്തനം നടത്താൻ സാധിച്ചിട്ടില്ല എന്നത് ഞാൻ തന്നെ അംഗീകരിക്കുന്ന കാര്യമാണ്. അത് എന്റെ കഴിവുകേടു കൊണ്ടല്ല. ഇതിനകത്തുള്ള സാഹചര്യം അങ്ങനെയായതു കൊണ്ടാണ്.’
‘ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനും യുഡിഎഫിനും അനുകൂലമായ സാഹചര്യമാണുള്ളത്. ഇടതുപക്ഷത്തോട് ആർക്കാണ് മതിപ്പ്. സ്വന്തം പാർട്ടിക്കകത്തെ ആളുകൾക്ക് എന്തെങ്കിലും മതിപ്പുണ്ടോ? പാർട്ടിക്കുള്ളിൽത്തന്നെ മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ കടുത്ത വിമർശനം ഉയരുന്ന സമയമാണ്. മുഖ്യമന്ത്രിയുടെ ധൂർത്തിനെയും അഴിമതിയെയും പാർട്ടിയിലെ മനഃസാക്ഷിയുള്ളവർ വിമർശിക്കുന്നുണ്ട്. അതെല്ലാം സിപിഎമ്മിന് രാഷ്ട്രീയ തിരിച്ചടിയാകും. ബിജെപിയുടെ കാര്യത്തിൽ ഒരു മോദിയല്ല, 10 മോദി വന്നാലും കേരളത്തിൽ ഉത്തരേന്ത്യ ആവർത്തിക്കാനാകില്ല’ – സുധാകരൻ പറഞ്ഞു.