തിരുവനന്തപുരം : ജയിലില്‍ കിടക്കുന്ന ടിപി വധക്കേസ് നാലാം പ്രതി ടി.കെ.രജീഷ് കേരളത്തിലേക്ക് തോക്കുകടത്തിയത് ഭരണത്തണലിലാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍. ഇതുമായി ബന്ധപ്പെട്ട് കര്‍ണാടക പൊലീസ് രജീഷിനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലെത്തി കസ്റ്റഡിയിലെടുത്തത് ഞെട്ടിപ്പിക്കുന്ന സംഭവമാണ്. കേരള പൊലീസ് എടുക്കേണ്ട നടപടിയാണ് കര്‍ണാടക പൊലീസ് എടുത്തത്. ബോംബുകളും തോക്കുകളും സമാഹരിച്ച് കേരളത്തെ ആയുധപ്പുരയാക്കുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ടിപി വധക്കേസ് പ്രതികളുടെ സംരക്ഷകനായി തുടരുകയാണ്.
പിണറായി വിജയന്‍ അധികാരമേറ്റ ശേഷം ടിപി വധക്കേസ് പ്രതികള്‍ക്ക് ജയിലില്‍ ലഭിച്ച സൗകര്യങ്ങള്‍ ഞെട്ടിക്കുന്നതാണ്. ഫോണ്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ജയിലില്‍ ലഭിച്ചിട്ടുണ്ട്. കൊടി സുനിയുടെ കയ്യില്‍ നിന്നും ബ്ലുടൂത്ത് ഹെഡ്സെറ്റ് അടക്കം മൊബൈല്‍ ഫോണ്‍ പിടികൂടിയിട്ടുണ്ട്. മദ്യവും ലഹരിമരുന്നും സുലഭമായി ഇവര്‍ക്ക് ലഭിക്കുന്നുണ്ടെന്നാണ് ആക്ഷേപം.
ജയില്‍ സൂപ്രണ്ടിന്റെ ഓഫിസ് ജോലികളില്‍ സഹായികളായി ഇവരെയാണ് നിയോഗിച്ചിരിക്കുന്നത്. ആഭ്യന്തരവകുപ്പും പൊലീസും നല്‍കുന്ന റിപ്പോര്‍ട്ടുകളുടെ പുറത്ത് ഇവര്‍ക്ക് യഥേഷ്ടം പരോള്‍ ലഭിക്കുന്നു. ജയിലില്‍ കിടക്കുമ്പോള്‍ നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തിയാല്‍ നിശ്ചിതകാലത്തേക്ക് പരോള്‍ നല്‍കരുതെന്ന് വ്യവസ്ഥയുണ്ടെങ്കിലും അതൊന്നും ഇവര്‍ക്ക് ബാധകമല്ല.
കേസിലെ മൂന്നാം പ്രതി കൊടി സുനി ജയിലിലിരുന്നാണ് ക്വട്ടേഷന്‍ പരിപാടികള്‍ ആസൂത്രണം ചെയ്യുന്നത്. സ്വര്‍ണക്കടത്ത് സംഘത്തെ ഭീഷണിപ്പെടുത്തിയതിനു കൊടി സുനിക്കെതിരെ പൊലീസ് കേസുണ്ട്. രണ്ടാം പ്രതി കിര്‍മാണി മനോജ് വയനാട്ടിലെ ലഹരി പാര്‍ട്ടിയില്‍ പൊലീസ് പിടിയിലായി. കരിപ്പൂര്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കേസില്‍ അഞ്ചാം പ്രതി ഷാഫിയെ കസ്റ്റംസ് ജയിലിലെത്തി ചോദ്യം ചെയ്തു. പാര്‍ട്ടിയുടെയും മുഖ്യമന്ത്രിയുടെയും സംരക്ഷണമാണ് ജയിലില്‍ അഴിഞ്ഞാടാന്‍ ഇവര്‍ക്ക് സൗകര്യം നൽകുന്നതെന്നും സുധാകരൻ ആരോപിച്ചു.