ആലപ്പുഴ: മൂക്കത്ത് വിരല്‍ വച്ചിട്ട് കാര്യം ഇല്ല, കേരളത്തിലാണ് ജീവിക്കുന്നത് എന്നോര്‍ക്കണമെന്ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍. കൊച്ചി പാലാരിവട്ടത്ത് റോഡിലെ കുഴിയില്‍ വീണ് യുവാവ് മരിച്ച സംഭവത്തില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച ഹൈക്കോടതി നിലപാടിനെതിരെയായിരുന്നു മന്ത്രിയുടെ പ്രതികരണം.
കുഴി അടയ്ക്കാനുളള ഉത്തരവാദിത്തം എല്ലാവര്‍ക്കുമുണ്ട്. കുറ്റം ചെയ്തവര്‍ക്കെതിരെയാണ് തിരിയേണ്ടതെന്നും മന്ത്രി ആലപ്പുഴയില്‍ പറഞ്ഞു.ആരിലും വിശ്വാസം ഇല്ലെങ്കില്‍ പിന്നെ ജീവിച്ചിരുന്നിട്ടു കാര്യമില്ലെന്നും ജി.സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
എറണാകുളം നഗരത്തിലെ കുഴി അടക്കാന്‍ മാത്രം കൊടുത്തത് ഏഴ് കോടി രൂപയാണ്. ഒക്ടോബറിലാണ് പണം കൈമാറിയത്. മരണം സംഭവിച്ചതില്‍ പൊതുമരാമത്ത് വകുപ്പിന് ഉത്തരവാദിത്തം ഉണ്ടെന്നും ജി.സുധാകരന്‍ പറഞ്ഞു.
കോടതികളില്‍ കേസ് കെട്ടിക്കിടക്കുന്നത് ജഡ്ജിമാരുടെ കുറ്റമാണോ ജീവനക്കാരും ജഡ്ജിമാരും കുറവുളളതാണ് പ്രശ്‌നം. സര്‍ക്കാര്‍ വന്നശേഷം700 കോടി രൂപയാണ്‌കോടതി കെട്ടിടങ്ങള്‍ക്ക് നല്‍കിയതെന്നും പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍ പറഞ്ഞു. ഹൈക്കോടതിക്ക് ഏഴ് നിലയുള്ള മന്ദിരം അടക്കം കോടതിയുടെ ആവശ്യങ്ങളെല്ലാം നിറവേറ്റിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.