തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പുകേസില്‍ ജയിലില്‍ കഴിയുന്ന മോന്‍സനുമായുള്ള വിവാദത്തില്‍ മാധ്യമങ്ങള്‍ക്കു നേരെ ക്ഷുഭിതനായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. മോന്‍സന്റെ പീഡനത്തിന് ഇരയായ യുവതി താങ്കള്‍ക്കെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ചിട്ടുണ്ടല്ലോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിനോട്. ‘ഈ പൂഴിക്കടക്കനൊന്നും എന്റെയടുത്ത് എടുക്കേണ്ട. ഇത് ജനുസ്സ് വേറെയാ. മനസ്സിലായില്ലേ. അങ്ങനെയുണ്ടെങ്കില്‍ അന്വേഷിച്ചോട്ടെ. ഞാനപ്പോള്‍ നോക്കിക്കോളാം.’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ദൃശ്യങ്ങളുണ്ടെങ്കില്‍ ചാനലില്‍ സംപ്രേഷണം ചെയ്യൂ എന്നും അദ്ദേഹം വെല്ലുവിളിച്ചു.
മാത്രമല്ല, കെപിസിസി ഭാരവാഹി പട്ടികയില്‍ തര്‍ക്കങ്ങളില്ലെന്നും സുധാകരന്‍ പറഞ്ഞു. കെ മുരളീധരന്‍ ഉന്നയിച്ച കാര്യങ്ങളെ കുറിച്ച് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘ഈ പാര്‍ട്ടിയില്‍ പുതിയ ലിസ്റ്റിനെ കുറിച്ച് ഒരു തര്‍ക്കവുമില്ല. നിങ്ങള്‍ തര്‍ക്കം ഉണ്ടാക്കേണ്ട. നിങ്ങള്‍ എന്തെങ്കിലും കിട്ടാനാണ് ശ്രമിക്കുന്നത് എങ്കില്‍ ഒന്നും കിട്ടൂല. മുരളീധരന്‍ പറഞ്ഞ കാര്യങ്ങളെ കുറിച്ച് അദ്ദേഹവുമായി നേരിട്ടു സംസാരിക്കും. അദ്ദേഹം പറഞ്ഞത് എന്താണ് എന്നറിയില്ല. എന്റെ മുമ്പില്‍ പരാതി വന്നാല്‍ അത് ആരതായാലും പരിഗണിക്കുമെന്നും സുധാകരന്‍ അറിയിച്ചു.