തിരുവനന്തപുരം: വോട്ട് ചെയ്തത് ജി.സുധാകരന്‍ എത്തിനോക്കിയെന്ന കേസില്‍ വി.എസ് അച്യുതാനന്ദന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. ഔദ്യോഗിക വസതിയില്‍ വച്ചാണ് മൊഴി രേഖപ്പെടുത്തിയത്. പുന്നപ്ര പൊലീസാണ് കേസെടുത്തത്.
പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനും കുടുംബവും വോട്ടുചെയ്യുമ്പോള്‍ പറവൂര്‍ ഗവ. സ്‌കൂള്‍ ബൂത്തില്‍ എത്തിയ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജി. സുധാകരന്‍ എത്തിനോക്കിയെന്നാണു യുഡിഎഫിന്റെ പരാതി. ഇതു സംബന്ധിച്ച ദൃശ്യങ്ങളും കൈമാറിയിരുന്നു.
ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണു സുധാകരനെതിരെ കേസെടുത്തത്. വകുപ്പ് 171 (സി ഒന്ന്), ജനപ്രാതിനിധ്യ നിയമം 130, 131 എന്നീ വകുപ്പുകള്‍ അനുസരിച്ചാണു കേസ് റജിസ്റ്റര്‍ ചെയ്തത്.
വോട്ടറെ സ്വാധീനിക്കാന്‍ ശ്രമിച്ചു, വോട്ടുചെയ്യാന്‍ നിര്‍ബന്ധിച്ചു, വോട്ടിന്റെ രഹസ്യസ്വഭാവം നഷ്ടപ്പെടുത്തി, ജനപ്രതിനിധി പാലിക്കേണ്ട ചട്ടങ്ങള്‍ പാലിച്ചില്ല എന്നീ കുറ്റങ്ങള്‍ ചുമത്തിയാണു കേസ്.
കേരളത്തിന്റെ ചീഫ് ഇലക്ടറല്‍ ഓഫിസര്‍ ഇ.കെ.മാജി പാര്‍ശ്വവര്‍ത്തികളുടെ നിര്‍ദേശത്തിനു വഴങ്ങി പൊലീസ് കേസ് എടുപ്പിച്ചുവെന്നാണു സുധാകരന്‍ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷനു പരാതി നല്‍കിയിരുന്നു. വിഎസ് വോട്ടുചെയ്യുമ്പോഴുണ്ടായ തടസ്സം എന്താണെന്ന് അന്വേഷിക്കുക മാത്രമാണു താന്‍ ചെയതത്.
പ്രിസൈഡിങ് ഓഫിസറുടെ റിപ്പോര്‍ട്ട് പോലും സ്വീകരിക്കാതെ നേരിട്ടു പൊലീസിനെ വിളിച്ചു കേസെടുപ്പിച്ച രീതി ജനാധിപത്യ – നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നും പരാതിയില്‍ പറയുന്നു