കൊല്ലം: കാലിക്കറ്റ് സര്‍വകലാശാല സെനറ്റ് അംഗങ്ങളെ ഗവര്‍ണര്‍ നാമനിര്‍ദേശം ചെയ്തത് സംബന്ധിച്ച് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍ നടത്തിയ പ്രസ്താവനയില്‍ പ്രതികരണവുമായി മന്ത്രി എം.ബി. രാജേഷ്. സുധാകരനെ നിയമിച്ചത് ഹൈക്കമാന്‍ഡാണോ അതോ ബിജെപിയാണോ എന്ന് എംബി രാജേഷ് ചോദിച്ചു. ആര്‍ക്ക് വേണ്ടിയാണ് അദ്ദേഹം പറയുന്നതും പ്രവര്‍ത്തിക്കുന്നതും. പ്രസ്താവനയിറക്കുന്നത് കോണ്‍ഗ്രസിനു വേണ്ടിയാണോ അതോ ബിജെപിയ്ക്ക് വേണ്ടിയാണോയെന്നും അദ്ദേഹം ഉന്നയിച്ചു.
കോണ്‍ഗ്രസിന്റെ ഔദ്യോഗിക നിലപാടാണോ ഇത് ഔദ്യോഗിക നിലപാടല്ലെങ്കില്‍ അദ്ദേഹത്തെ കെ.പി.സി.സി പ്രസിഡന്റാക്കി നിലനിര്‍ത്താമോയെന്നും നടപടിയെടുക്കണ്ടേയെന്നും അദ്ദേഹം ചോദിച്ചു. ഗവര്‍ണര്‍ ബി.ജെ.പി., ആര്‍.എസ്.എസ്. നിര്‍ദേശപ്രകാരം അര്‍ഹരുടെ പട്ടിക വെട്ടി അനര്‍ഹരായവരെ പട്ടികയില്‍ ഉള്‍പ്പെടുത്തി. ഇവരൊക്കെ യോഗ്യരാണെന്നും യോഗ്യരാവാനുള്ള മാനദണ്ഡം സംഘപരിവാര്‍ ആകുകയെന്നതാണെന്നും അതില്‍ ഒരു തെറ്റുമില്ലെന്നും കെ.പി.സി.സി. പ്രസിഡന്റ് പറയുന്നു. പ്രതിപക്ഷ നേതാവ് മൗനംകൊണ്ടത് ശരിവെക്കുകയാണെന്നും എംബി രാജേഷ് പറഞ്ഞു.
യോഗ്യതയുള്ള സംഘപരിവാര്‍ അനുകൂലികളെ സെനറ്റില്‍ നാമനിര്‍ദേശം ചെയ്യുന്നതിനെ തങ്ങള്‍ എതിര്‍ക്കുന്നില്ലെന്നായിരുന്നു സുധാകരന്റെ പ്രതികരണം. അവര്‍ ജനാധിപത്യത്തിന്റെ ഭാഗമായ പാര്‍ട്ടിയാണ്. സംഘപരിവാര്‍ അനുകൂലികള്‍ മാത്രമായതുകൊണ്ട് എതിര്‍ക്കില്ലെന്ന് മാധ്യമപ്രവര്‍ത്തകരുടെ ആവര്‍ത്തിച്ചുള്ള ചോദ്യത്തിന് ഉത്തരമായി അദ്ദേഹം പറഞ്ഞിരുന്നു.
‘അക്കാദമീഷ്യന്റെ യോഗ്യതമാനിച്ച് ഗവര്‍ണര്‍ ചെയ്യുന്ന കാര്യത്തെ ഞങ്ങള്‍ എന്തിന് വിമര്‍ശിക്കണം സംഘപരിവാര്‍ അനുകൂലികള്‍ ഉള്‍പ്പെട്ടതിനെ ഞങ്ങള്‍ എതിര്‍ക്കുന്നില്ലല്ലോ അവരില്‍ കൊള്ളാവുന്നവരുണ്ട്, അവരെ എടുക്കുന്നതിന് എന്താണ് തടസ്സം അവരെ എടുത്തോട്ടെ. സംഘപരിവാറിന്റെ ആളുകളെ മാത്രംവെച്ചുപോകുന്നുവെങ്കില്‍ നിങ്ങള്‍ക്ക് വിമര്‍ശിക്കാം. സംഘപരിവാറില്‍ കൊള്ളുന്നവരുണ്ടെങ്കില്‍ അവരെ എങ്ങനയാണ് എതിര്‍ക്കുക. കോണ്‍ഗ്രസില്‍ എല്ലാവരേയും വെക്കാന്‍ പറ്റില്ല, പറ്റുന്നവരെ എടുത്താല്‍ ഞങ്ങള്‍ക്ക് സന്തോഷമാണ്. ഞങ്ങളത് സ്വീകരിക്കും. അത് ഗവര്‍ണറുടെ ഉത്തരവാദിത്തം. ഏറ്റെടുക്കേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തം’, സുധാകരന്‍ പറഞ്ഞിരുന്നു. ഈ വിഷയത്തിലാണ് മന്ത്രിയുടെ പ്രതികരണം.