സുഷമക്ക് ബിഗ് സല്യൂട്ട് നൽകി പ്രവാസികൾ, മുൻ മന്ത്രിമാരെയോർത്ത് രോഷവും ശക്തം !

sushama_atlas

ദുബായ് : ആ വാര്‍ത്തയറിഞ്ഞ് അമ്പരന്ന് നില്‍ക്കുകയാണ് യു.എ.ഇയിലെ പ്രവാസി സമൂഹം. കടക്കെണിയില്‍പ്പെട്ട് കേസില്‍ കുടുങ്ങി രണ്ടര വര്‍ഷമായി ജയിലില്‍ കിടക്കുന്ന മലയാളികളുടെ സ്വന്തം വ്യവസായി അറ്റ്‌ലസ് രാമചന്ദ്രന് കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ട് മോചനം സാധ്യമാക്കുമെന്ന് അവര്‍ സ്വപ്നത്തില്‍ പോലും പ്രതീക്ഷിച്ചിരുന്നില്ല.

കേന്ദ്ര സര്‍ക്കാര്‍ നീക്കങ്ങളില്‍ ബി.ജെ.പി അനുകൂലിയായ പ്രമുഖ വ്യവസായി ബി.ആര്‍.ഷെട്ടി കൂടി പങ്കാളിയായതോടെയാണ് രാമചന്ദ്രനെതിരെ കേസ് കൊടുത്ത ബാങ്കുകള്‍ പിന്നോട്ടടിച്ചത്.

കേന്ദ്ര സര്‍ക്കാര്‍ ശക്തമായി ഇടപെട്ടതോടെ യു.എ.ഇ ഭരണകൂടത്തിനും അനുകൂല നിലപാട് സ്വീകരിക്കേണ്ടി വന്നു. അനവധി വര്‍ഷങ്ങളായി യു.എ.ഇയില്‍ താമസിക്കുന്ന പ്രവാസികളെ സംബന്ധിച്ച് ഇത് പുതിയ അനുഭവമാണ്.

ഇത്രയും ഭീമമായ തുക കൊടുത്ത് തീര്‍ക്കാന്‍ തകര്‍ന്ന ബിസിനസ്സ് സാമ്രാജ്യം വച്ച് അറ്റ്‌ലസ് രാമചന്ദ്രന് ഒരിക്കലും കഴിയില്ലന്നാണ് ഇവരെല്ലാം ധരിച്ചിരുന്നത്.

atlasramachandran

രാഷ്ട്രീയമായി ഭിന്നതയുണ്ടെങ്കിലും കേന്ദ്ര സര്‍ക്കാറിന്റെ ഈ നടപടിയെ പ്രത്യേകിച്ച് വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെ അഭിനന്ദിക്കാതിരിക്കാന്‍ കഴിയില്ലന്നാണ് പ്രവാസി സമൂഹം പറയുന്നത്.

കഴിഞ്ഞകാലങ്ങളില്‍ ശശി തരൂര്‍, ഇ.അഹമ്മദ്, വയലാര്‍ രവി തുടങ്ങിയവര്‍ വിദേശകാര്യ വകുപ്പും പ്രവാസി വകുപ്പുകളുമെല്ലാം കൈകാര്യം ചെയ്തിട്ടും മലയാളിക്ക് ലഭിക്കാത്ത പരിഗണനയും സഹായങ്ങളുമാണ് സുഷമ സ്വരാജില്‍ നിന്നും ലഭിക്കുന്നതെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു.

ബി.ജെ.പിക്ക് തിരഞ്ഞെടുക്കപ്പെട്ട ഒരു എം.പി പോലും ഇല്ലാത്ത സംസ്ഥാനത്തെ ജനങ്ങളെ . . പ്രവാസികളെ . . അകമഴിഞ്ഞ് സഹായിക്കുന്ന സുഷമയുടെ മനസ്സിന് ബിഗ് സല്യൂട്ട് നല്‍കുകയാണ് പ്രവാസിലോകം.

ഇറാഖില്‍ നിന്ന് തട്ടിക്കൊണ്ടുപോയി ബന്ദിയാക്കിയ മലയാളി നഴ്‌സുമാരെ ഒരു പോറലുപോലുമേല്‍പ്പിക്കാതെ തിരികെ എത്തിക്കാന്‍ കഴിഞ്ഞിരുന്നതും സുഷമ സ്വരാജിന്റേയും കേന്ദ്ര സര്‍ക്കാരിന്റേയും തന്ത്ര പരമായ ഇടപ്പെടല്‍ മൂലമായിരുന്നു.

sushama

യെമനില്‍ നിന്ന് ഐസ് തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ ഫാദര്‍ ടോം ഉഴുന്നാലിന്റെ മോചനത്തിനു വേണ്ടിയും സുഷമ സ്വരാജ് ശക്തമായ ഇടപ്പെടല്‍ നടത്തിയിരുന്നു. ഒമാന്‍ സര്‍ക്കാരുമായി ഇടപ്പെട്ടാണ് അന്ന് ഫാദര്‍ ടോമിന്റെ മോചനം കേന്ദ്ര വിദേശ കാര്യ മന്ത്രാലയം സാധ്യമാക്കിയത്. 2016 മാര്‍ച്ചിലായിരുന്നു ഫാദര്‍ ടോമിനെ തട്ടിക്കൊണ്ടു പോയിരുന്നത്.

ഒരു ട്വിറ്റര്‍ കുറിപ്പ് മാത്രം മതി സുഷമയുടെ സഹായഹസ്തമെത്താന്‍. ലോകത്തിന്റെ ഏത് കോണില്‍ നിന്നും സഹായം അഭ്യര്‍ഥിച്ചാലും 15 മിനിട്ടിനുള്ളില്‍ സുഷമയുടെ സഹായം അവിടെയെത്തും. ഇന്ത്യക്കാര്‍ക്ക് മാത്രമല്ല പാക് പൗരന്മാര്‍ക്കും സുഷമയുടെ സഹായം ലഭിച്ചിട്ടുണ്ട്. വിദഗ്ധ ചികിത്സ ആവശ്യമായി വന്ന പാക്ക് പൗരന് വിസയും അനുവദിച്ചു.

മാത്രമല്ല, സൗദിയില്‍ കുടുങ്ങിയ പഞ്ചാബി സ്വദേശിനിയുടെ മോചനത്തിനായും, പാക്കിസ്ഥാനില്‍ തോക്കു ചൂണ്ടി മാനഭംഗപ്പെടുത്തി വിവാഹം കഴിപ്പിച്ച യുവതിയെ തിരികെ ഇന്ത്യയിലെത്തിക്കുന്നതിനും സുഷമയുടെ ഇടപെടല്‍ വഴി കഴിഞ്ഞു.

മകന്റെ മൃതദേഹവുമായി മലേഷ്യന്‍ വിമാനത്താവളത്തില്‍ കുടുങ്ങിയ ചെന്നൈ സ്വദേശിനിക്ക് ഉടന്‍ സഹായം എത്തിച്ചതും സുഷമ സ്വരാജ് പ്രത്യേകം താത്പര്യമെടുത്താണ്.

Top