കൊച്ചി: പബ്ലിക് പ്രോസിക്യൂട്ടര്‍ സ്ഥാനത്ത് നിന്നും മാറ്റുമെന്ന് മാധ്യമങ്ങളിലൂടെ ലഭിച്ച വിവരം മാത്രമെ തനിക്കുള്ളുവെന്നും കേസുകള്‍ എവിടെ എത്തിയെന്ന് സര്‍ക്കാര്‍ പക്ഷത്ത് നിന്നും ആരും ഇതുവരെ അന്വേഷിച്ചിട്ടില്ലെന്നും യുഡിഎഫ് സര്‍ക്കാരില്‍ പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന സുശീല ആര്‍ ഭട്ട്.
ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് നെല്ലിയാമ്പതിയില്‍ കരുണ എസ്റ്റേറ്റ് വിവാദമുണ്ടായപ്പോള്‍ ഇപ്പോള്‍ എല്‍ഡിഎഫ് മന്ത്രിയായ എ.കെ ബാലന്‍ എന്നെ നിലനിര്‍ത്തണമെന്ന് വാദിച്ചിരുന്നു. ഇതെല്ലാം ഭൂമി കേസില്‍ ഞാന്‍ സ്വീകരിച്ചത് ശരിയായ ദിശയിലുളള പ്രവര്‍ത്തനമാണെന്ന് തിരിച്ചറിഞ്ഞിട്ടാവും അവര്‍ അത്തരം നിലപാട് സ്വീകരിച്ചത്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കാബിനറ്റ രണ്ട് പ്രത്യേക ഉത്തരവുകള്‍ പുറത്തിറക്കിയാണ് കേസ് നടത്താന്‍ എന്നെ നിയോഗിച്ചത്. അത് രണ്ടും ഇപ്പോഴും പിന്‍വലിച്ചിട്ടില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി.
ഏല്‍പ്പിച്ചത് ക്രിമിനല്‍ വനം കേസുകളായിരുന്നു. ഹാരിസണ്‍ ഭൂമി കൈവശം വെച്ചിരിക്കുന്ന സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച കേസില്‍ എന്നെ ചുമതലപ്പെടുത്തിയാണ് ഉത്തരവിറക്കിയത്. ആ ഉത്തരവ് റദ്ദുചെയ്തുവെന്ന് ഇതുവരെ അറിയിപ്പൊന്നും ലഭിച്ചിട്ടില്ല. ഇത്തരം കേസുകളില്‍ ഇനി ഹാജരാകണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് കാബിനറ്റാണ്. താന്‍ ആരാണെന്ന് ചോദിക്കുന്നവര്‍ കേസിന്റെ മെറിറ്റ് അറിയാത്തവരാണെന്നും സുശീല ആര്‍ ഭട്ട് വ്യക്തമാക്കി.
സര്‍ക്കാരിന് താത്പര്യമില്ലാതെ കടിച്ചുതൂങ്ങാന്‍ കഴിയില്ല. ഉത്തരവ് റദ്ദാക്കി സര്‍ക്കാര്‍ നോട്ടീസ് നല്‍കിയാല്‍ മതി. ചവറെടുത്ത് പുറത്തേക്ക് എറിയുന്ന ലാഘവത്തോടെ എറിയരുത്. ഇതുവരെ കേസ് നടത്തിയതിനുളള ഫീസ് നല്‍കി പറഞ്ഞുവിടുക. ആരു വാദിച്ചാലും നേരെ ചൊവ്വേ കേസ് പോകണമെന്നേ തനിക്കും ആഗ്രഹമുള്ളു.
ടാറ്റയും ഹാരിസണും തോട്ടം ഭൂമി കൈയേറിയ കേസുകളില്‍ സര്‍ക്കാര്‍ വിജയിക്കേണ്ടതുണ്ട്. അത് ഈ നാടിന്റെ ആവശ്യമാണ്. അതിനുളള പരിശ്രമം ഉണ്ടാകും. പലരും ഏതോ ഒരു ഭട്ടിന് ആ സ്ഥാനത്ത് തുടരാനുളള ആഗ്രഹം കൊണ്ടാണ് ഇതെല്ലാം പറയുന്നതെന്ന് വാദിച്ചേക്കാം. എന്നാല്‍ യാഥാര്‍ത്ഥ്യം മറ്റൊന്നാണ്. കേരളം തിരിച്ചുപിടിക്കണമെന്നും കൊളോണിയല്‍ ചൂഷണം അവസാനിപ്പിക്കണമെന്നുമാണ് സ്വപ്നമെന്നും സുശീല ആര്‍ ഭട്ട് പറഞ്ഞു.