തിരുവനന്തപുരം: കോണ്‍ഗ്രസിനോടുള്ള അന്ധമായ വിരോധം മാറ്റാതെ സിപിഎമ്മിന് രാഷ്ട്രീയത്തില്‍ മുന്നേറാനാവില്ലെന്ന് കെപിസിസി പ്രസിഡന്റ് വി.എം സുധീരന്‍.
ദേശീയ പ്ലീനം കൊണ്ട് സിപിഎം തെറ്റു തിരുത്തുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ 131-ആം ജന്മദിനത്തോട് അനുബന്ധിച്ച് കെപിസിസി സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ദിവസം ആരംഭിച്ച സിപിഎം പ്ലീനത്തില്‍, കോണ്‍ഗ്രസുമായുള്ള സഖ്യ സാദ്ധ്യത തള്ളേണ്ടെന്ന് നിലപാടെടുത്തിരുന്നു. ഇതേക്കുറിച്ചായിരുന്നു സുധീരന്റെ പ്രതികരണം.
കോണ്‍ഗ്രസിനെ ഒഴിവാക്കി ഒരു പാര്‍ട്ടിക്കും മതേതര സഖ്യം രൂപീകരിക്കാനാവില്ല. എന്നും മതേതരത്വം ഉയര്‍ത്തിപ്പിടിച്ചത് കോണ്‍ഗ്രസ് മാത്രമാണെന്നും സുധീരന്‍ വ്യക്തമാക്കി. ഇന്ത്യ ഭരിക്കുന്ന ബിജെപി സര്‍ക്കാരിന്റെ വര്‍ഗീയ നിലപാടുകള്‍ക്കെതിരെ ജാഗ്രത പാലിക്കേണ്ട സമയമാണിത്. ജനങ്ങളെ ഭിന്നിപ്പിക്കുകയെന്ന ആശയമാണ് ബിജെപിയും സംഘപരിവാറും നടത്തുന്നത്. എന്നാല്‍, കേരളത്തില്‍ ഈ ശ്രമം വിലപ്പോവില്ലെന്നും സുധീരന്‍ അഭിപ്രായപ്പെട്ടു.