Sudheeran against Vellappally

vm-sudheeran1

തിരുവനന്തപുരം:എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച ഹൈക്കോടതി വിധിക്കെതിരെ പരോക്ഷ വിമര്‍ശനവുമായി കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്‍ രംഗത്ത്.

ആലുവയിലെ പ്രസംഗം കരുതിക്കൂട്ടി എഴുതി വായിച്ചതാണെന്ന് ആര്‍ക്കും മനസിലാവും. ഇത് ഉത്തരവാദിത്തപ്പെട്ടവര്‍ ഗൗരവമായി പരിഗണിക്കാത്തില്‍ ദു:ഖമുണ്ടെന്ന് സുധീരന്‍ പറഞ്ഞു.

ഒന്നിച്ചു നില്‍ക്കുന്ന ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് വെള്ളാപ്പള്ളി ആദ്യം മുതല്‍ നടത്തുന്നത്. ഇതിന്റെ ഏറ്റവും പ്രകടമായ ഉദാഹരണമാണ് ആലുവ പ്രസംഗം. മതത്തിന്റെ അടിസ്ഥാനത്തില്‍ സ്പര്‍ധയും വൈരാഗ്യവും പകയും ഉണ്ടാക്കാനുളള കരുതിക്കൂട്ടിയുള്ള ശ്രമമായിരുന്നു ഇത്. പ്രസംഗം കാണുകയും കേള്‍ക്കുകയും ചെയ്ത ആര്‍ക്കും ഇക്കാര്യത്തില്‍ സംശയമുണ്ടാകില്ലെന്നും സുധീരന്‍ അഭിപ്രായപ്പെട്ടു.

മുന്‍കൂട്ടി എഴുതി തയ്യാറാക്കിയ കുറിപ്പുകള്‍ നോക്കി പരിഹാസഭാവേനയാണ് വെള്ളാപ്പള്ളി പ്രസംഗിച്ചത്. വെള്ളാപ്പള്ളി നടേശനെ താന്‍ വേട്ടയാടിട്ടില്ല. വെള്ളാപ്പള്ളിയോടല്ല തന്റെ എതിര്‍പ്പ്, അദ്ദേഹം സ്വീകരിക്കുന്ന നിലപാടുകളോട് ആണെന്നും സുധീരന്‍ വ്യക്തമാക്കി.

താന്‍ അദ്ദേഹത്തെ വേട്ടയാടുന്നു എന്ന് പറഞ്ഞത് തന്നെ തെറ്റാണ്. എന്നാല്‍ ജനങ്ങളെ തമ്മിലടിപ്പിക്കുന്ന രീതിയില്‍ ആര് പ്രവര്‍ത്തിച്ചാലും അതിനെ എതിര്‍ക്കാതെ തരമില്ലെന്നും സുധീരന്‍ പറഞ്ഞു. വെള്ളാപ്പള്ളിയുടെ കാര്യത്തില്‍ നിയമം നിയമത്തിന്റെ വഴിക്ക് പോവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top