തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ പരാജയത്തിന്റെ വെളിച്ചത്തില്‍ ഗ്രൂപ്പുനേതാക്കളായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെയും നിഷ്പ്രഭരാക്കി പുനസംഘനയിലൂടെ പാര്‍ട്ടി പിടിക്കാന്‍ സുധീരന്‍.
കെ.പി.സി.സി തെരഞ്ഞെടുപ്പ് അവലോകനയോഗത്തിനു ശേഷം പുനസംഘടനയിലൂടെ ജില്ലകളില്‍ പുതിയ നേതൃത്വത്തെ അവരോധിക്കുകയാണ് സുധീരന്‍.
നേരത്തെ തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് ജില്ലാതലത്തില്‍ പുനസംഘടന പൂര്‍ത്തിയാക്കണമെന്ന സുധീരന്റെ നിര്‍ദ്ദേശം ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ഒത്തുചേര്‍ന്നാണ് അട്ടിമറിച്ചത്. അന്ന് എ, ഐ ഗ്രൂപ്പുകള്‍ ഒന്നിച്ചു നിന്നതോടെ ഹൈക്കമാന്റ് ഇടപെട്ട് പുനസംഘടന തെരഞ്ഞെടുപ്പിനു ശേഷം മതിയെന്ന നിലപാടെടുക്കുകയായിരുന്നു.
കോണ്‍ഗ്രസിന്റെ സംഘടനാസംവിധാനം തകര്‍ന്നതാണ് തെരഞ്ഞെടുപ്പ് പരാജയത്തിനു കാരണമെന്നാണ് ഇപ്പോള്‍ കെ.പി.സി.സി നടത്തിയ അവലോകന യോഗത്തില്‍ വ്യക്തമായത്. ഇത് പുനസംഘടനയെ അട്ടിമറിച്ച ഗ്രൂപ്പ് നേതാക്കള്‍ക്കെതിരെ ആയുധമാക്കിയാണ് സുധീരന്‍ പുനസംഘടനയിലേക്ക് കടക്കുന്നത്.
തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, പാലക്കാട് ഡിസിസികളാണ് അഴിച്ചുപണിയുന്നത്. ചില ജില്ലകളില്‍ നിലവിലെ നേതൃനിരയെ അപ്പാടെ മാറ്റാനുള്ള നീക്കവും നടത്തുന്നുണ്ട്.
ഡി.സി.സി പ്രസിഡന്റ് സ്ഥാനം രാജിവെച്ച് നടപടിയില്‍ നിന്നും രക്ഷനേടാനുള്ള മലപ്പുറം ഡി.സി.സി പ്രസിഡന്റ് ഇ. മുഹമ്മദ്കുഞ്ഞിയുടെ നീക്കവും സുധീരന്റെ മുന്നില്‍ വിലപ്പോയിട്ടില്ല. രാജിതള്ളിയ സുധീരന്‍ മുഹമ്മദ്കുഞ്ഞിയോട് തുടരാനാണ് ആവശ്യപ്പെട്ടത്. സ്ഥാനാര്‍ത്ഥി നിര്‍ണയ ചുമതലയുള്ള കമ്മിറ്റി തന്നെ വിജയപരാജയത്തിന്റെ ഉത്തരവാദിത്വം ഏല്‍ക്കണമെന്ന് നേരത്തെ തന്നെ സുധീരന്‍ വ്യക്തമാക്കിയിരുന്നു.
പുനസംഘനയിലൂടെ പുതിയ ഡി.സി.സി നേതൃത്വം നിലവില്‍ വരുന്നതോടെ അവര്‍ക്ക് ഗ്രൂപ്പുനേതാക്കളോട് വിധേയത്വമുണ്ടാവില്ല. ഗ്രൂപ്പ് പരിഗണനയില്ലാതെ വരുന്ന ജില്ലാ നേതൃത്വത്തിന് കെ.പി.സി.സി പ്രസിഡന്റ് സുധീരനോട് മാത്രമായിക്കും കടപ്പാട്. ഇത് സംസ്ഥാനത്തെ ഗ്രൂപ്പ് രാഷ്ട്രീയത്തിനു തന്നെ അന്ത്യം കുറിക്കുന്ന നടപടിയാകും. അഞ്ചു മാസത്തിനുശേഷം നിയമസഭാ തെരഞ്ഞെടുപ്പു വരുന്നതിനാല്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കെ.പി.സി.സി പ്രസിഡന്റിന്റെ നിലപാടാണ് നിര്‍ണായകമാകുക. അതിനാല്‍തന്നെ ഇരു ഗ്രൂപ്പുകളിലെയും പ്രമുഖ നേതാക്കള്‍ സുധീരനൊപ്പം നില്‍ക്കാനാണ് സാധ്യത.