നവകേരള സദസ് മെഗാ പി.ആര്‍ പരിപാടി; വിഎം സുധീരന്‍

കോഴിക്കോട്: നവകേരള യാത്ര ജനങ്ങള്‍ക്ക് പുതിയ ബാധ്യതയാണെന്നും ജനങ്ങളോട് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ മുഖ്യമന്ത്രി തെറ്റ് തിരുത്തണമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍. ജനപിന്തുണ നഷ്ടപ്പെട്ടെന്ന് എല്‍ഡിഎഫിന് ബോധ്യമായി. ആ കൈപ്പേറിയ സത്യം അവര്‍ക്ക് ബോധ്യമായി. അതാണ് പി.ആര്‍. വര്‍ക്കിന് ഇറങ്ങി പുറപ്പെട്ടത്. നവകേരള സദസ് മെഗാ പി.ആര്‍ പരിപാടിയാണെന്നും വിഎം സുധീരന്‍ ആരോപിച്ചു. ഏഴര ലക്ഷത്തോളം ഫയല്‍ കെട്ടിക്കിടക്കുമ്പോഴാണ് സെക്രട്ടേറിയറ്റ് ശൂന്യമാക്കി മന്ത്രിമാര്‍ പി.ആര്‍ വര്‍ക്കിന് ഇറങ്ങിയത്. ജനങ്ങളുടെ ജീവിത പ്രശ്‌നങ്ങളില്‍ പരിഹാരമില്ല.

ക്ഷേമ പെന്‍ഷന്‍ മുഴുവന്‍ ഉടന്‍ കൊടുത്തു തീര്‍ക്കുകയാണ് വേണ്ടതെന്ന് സുധീരന്‍ പറഞ്ഞു.നെല്ല് സംഭരണത്തിന് കര്‍ഷകര്‍ക്ക് പണം കിട്ടുന്നില്ല. സ്‌കൂള്‍ കുട്ടികള്‍ക്ക് നേരെ ചൊവ്വേ ഉച്ച ഭക്ഷണം പോലും നല്‍കുന്നില്ല. സര്‍ക്കാരിന് ശ്രദ്ധ കേരളത്തില്‍ മദ്യ വ്യാപനം നടത്തുന്നതില്‍ മാത്രമാണ്. മയക്കുമരുന്നും വ്യാപിക്കുകയാണ്. പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ മയക്കുമരുന്നിന് അടിമകളാകുകയാണ്. ആലുവ പ്രതി ലഹരിക്ക് അടിമയാണ്. കേരളം അരാജക അവസ്ഥയിലെത്തി നില്‍ക്കുകയാണ്. കുറ്റകൃത്യം , ആത്മഹത്യ, റോഡപകടം എല്ലാം കൂടി. സര്‍ക്കാര്‍ കേരളത്തെ സാമൂഹ്യ ദുരന്തത്തിലേക്ക് തള്ളിവിടുകയാണ്.ശിവശങ്കരന്‍ ജയിലില്‍ കിടക്കേണ്ടതിന് പകരം മുഖ്യമന്ത്രിയാണ് ജയിലില്‍ കിടക്കേണ്ടിയിരുന്നതെന്നും വി.എം സുധീരന്‍ പറഞ്ഞു.

കേരള ബാങ്കില്‍ മുസ്ലീം ലീഗ് നേതാവ് പി .അബ്ദുള്‍ ഹമീദ് എം.എല്‍.എയെ ഡയറക്ടറാക്കിയതിലും വി.എം. സുധീരന്‍ നിലപാട് വ്യക്തമാക്കി.മുസ്ലീം ലീഗ് രാഷ്ട്രീയ ഔചിത്യം നിലനിര്‍ത്താന്‍ ശ്രമിക്കുന്ന പാര്‍ട്ടിയാണ്. ആ പാരമ്പര്യം നിലനിര്‍ത്താന്‍ എന്തൊക്കെ ചെയ്യാമെന്ന് അവര്‍ക്ക് അറിയാം. ഈ വിഷയത്തിലും യുക്തമായ തീരുമാനം ലീഗ് എടുക്കുമെന്നാണ് പ്രതീക്ഷയെന്ന് വി.എം. സുധീരന്‍ പറഞ്ഞു.

Top