തെറ്റായ നടപടിക്കുള്ള തിരിച്ചടിയാണ് സുപ്രീംകോടതി വിധിയെന്ന് വിഎം സുധീരന്‍

vm-sudheeran

തിരുവനന്തപുരം: കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജ് പ്രവേശനവുമായി ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാരിന്റെ ഓര്‍ഡിനന്‍സ് റദ്ദാക്കിയ സുപ്രീംകോടതി വിധി സര്‍ക്കാരിനു മാത്രമല്ല പ്രതിപക്ഷത്തിനുമേറ്റ കനത്ത തിരിച്ചടിയാണെന്ന് കോണ്‍ഗ്രസ്സ് നേതാവ് വിഎം സുധീരന്‍. എല്ലാവരുടെയും കണ്ണുതുറക്കട്ടെയെന്നും വിധിയോട് പ്രതികരിച്ചു കൊണ്ട് സുധീരന്‍ വ്യക്തമാക്കി.

ഭരണ നിയമ വ്യവസ്ഥിതിയെ വെല്ലുവിളിച്ച് എന്തും ചെയ്യാമെന്ന ഭാവത്തോടു കൂടി സ്വാശ്രയ മെഡിക്കല്‍ കോളേജുകള്‍ ചെയ്ത തെറ്റായ നടപടികള്‍ക്ക് ഏറ്റ കനത്ത തിരിച്ചടിയാണ് സുപ്രീംകോടതി വിധിയെന്നും, സര്‍ക്കാരിനേറ്റ തിരിച്ചടിയുമാണിതെന്നും സുധീരന്‍ പറഞ്ഞു.

തെറ്റായ നടപടിക്ക് കൂട്ടു നിന്ന പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്നും അതിഗുരുതരമായ വീഴ്ച്ച സംഭവിച്ചുവെന്നും, ന്യായീകരിക്കാനാകാത്ത തെറ്റാണ് പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സുപ്രീം കോടതിയുടെ വിധി എല്ലാവരുടെയും കണ്ണുതുറപ്പിക്കട്ടെയെന്നും ഇതു പോലുള്ള തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top