തിരുവനന്തപുരം: സംസ്ഥാന സ്‌പെഷ്യല്‍ ഗവണ്‍മെന്റെ് പ്ലീഡര്‍ സുശീല ആര്‍ ഭട്ടിനെ നീക്കിയത് ഹാരിസണിന്റെയും ടാറ്റയുടെയും സമ്മര്‍ദ്ദത്തിന് വഴങ്ങിയാണെന്ന് കെ.പി.സി.സി പ്രസിഡന്റെ് വി.എം സുധീരന്‍.
സര്‍ക്കാരും ഹാരിസണ്‍ ടാറ്റ കമ്പനികളുമായിട്ടുള്ള കേസ് നിര്‍ണ്ണായക ഘട്ടത്തിലെത്തിനില്‍ക്കെയാണ് സര്‍ക്കാരിന്റെ ഈ നടപടി.
വളരെ ഫലപ്രദവും വിജയകരവുമായി ഗവണ്‍മെന്റിനു വേണ്ടി കേസ് നടത്തിയ സുശീലാ ഭട്ടിനെ മാറ്റിയത് മനപൂര്‍വ്വം കേസ്സ് തോറ്റുകൊടുക്കുന്നതിനുവേണ്ടിയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ഇത്ര നഗ്‌നമായി സര്‍ക്കാരിന്റെയും ജനങ്ങളുടെയും താല്‍പര്യങ്ങള്‍ ബലികഴിച്ച് ഹാരിസണ്‍ ടാറ്റ ഉള്‍പ്പെടെയുള്ള വന്‍കിടക്കാരെ സഹായിക്കാന്‍വേണ്ടിയുള്ള സര്‍ക്കാരിന്റെ നീക്കം അപലപനീയമാണ്.
ഒട്ടും വൈകാതെ തന്നെ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ തെറ്റുതിരുത്തി നേരത്തെ സുശീല ആര്‍. ഭട്ട് കൈകാര്യം ചെയ്തിരുന്ന കേസുകള്‍ അവരെത്തന്നെ ഏല്‍പ്പിക്കാന്‍ തയ്യാറാകണമെന്നും റവന്യൂ വകുപ്പ് സ്‌പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ സ്ഥാനത്തുനിന്ന് സുശീല ആര്‍. ഭട്ടിനെ നീക്കം ചെയ്തുകൊണ്ടുള്ള ഉത്തരവ് റദ്ദാക്കണംമെന്നും സുധീരന്‍ അഭിപ്രായപ്പെട്ടു.