കൊച്ചി: ഒരു കൂടിക്കാഴ്ച പോലും നല്‍കാതെ ശ്രീധരനെ വര്‍ജ്ജിച്ച മുഖ്യമന്ത്രിക്കും ഇടതുമുന്നണിക്കും അതിന് കനത്തവില നല്‍കേണ്ടിവരുമെന്ന് വിഎം സുധീരന്‍. നേരത്തെയും കൊച്ചി മെട്രോ നിര്‍മ്മാണ പദ്ധതിയില്‍ നിന്നും ശ്രീധരനെയും ഡിഎംആര്‍സിയെയും ഒഴിവാക്കാന്‍ നീക്കമുണ്ടായതായും സുധീരന്‍ തന്റെ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
ഒരു മുഖ്യമന്ത്രിയുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് ജനങ്ങള്‍ ആഗ്രഹിക്കുന്ന ഇത്തരം പദ്ധതികളുടെ ഭാവിനിര്‍ണയം വിട്ടുകൊടുക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ലൈറ്റ് മെട്രോ പദ്ധതികള്‍ക്കായി ശക്തമായ ജനപ്രതിഷേധം ഉയരണമെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു.
ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം
എന്തുകൊണ്ട് ഇ ശ്രീധരന്‍ വര്‍ജ്ജിതനാക്കപ്പെടുന്നു?
ലൈറ്റ് മെട്രോ പദ്ധതിയില്‍ നിന്നും രാജ്യം ആദരിക്കുന്ന ഇ ശ്രീധരനെയും അദ്ദേഹം നേതൃത്വം നല്‍കുന്ന ഡിഎംആര്‍സിയെയും ഒഴിവാക്കുന്നു എന്നത് സജീവ ചര്‍ച്ചാവിഷയം ആയിരിക്കുകയാണല്ലോ. ഇതിനൊക്കെ ആധാരമായി ബഹുമാനപ്പെട്ട മുഖ്യമന്ത്രി നടത്തിയ വിശദീകരണങ്ങളൊന്നും വിശ്വസനീയമല്ല. നമ്മുടെ നാടിന്റെ വികസന രംഗത്ത് കാലങ്ങളായി നിലനിന്നുവരുന്ന വലിയൊരു ദുരവസ്ഥയുടെ പ്രതിഫലനമാണ് മുഖ്യമന്ത്രിയുടെ നിലപാടില്‍ കാണുന്നത്.
വികസനരംഗത്തെ തീരാശാപമാണ് വിവിധ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ വരുന്നത്. കാലതാമസം ഉണ്ടാകുമ്പോള്‍ പദ്ധതികളുടെ അടങ്കല്‍ തുക വര്‍ദ്ധിപ്പിക്കുന്ന പതിവ് ശൈലിയും ഇവിടെ നിലനില്‍ക്കുന്നുണ്ട്. കേവലം 13.28 കോടി ചെലവ് പ്രതീക്ഷിച്ച കല്ലട ജലസേചന പദ്ധതിക്ക് ഇതേവരെ 800 കോടി ചെലവ് വന്നതായിട്ടാണ് മനസ്സിലാക്കുന്നത്. സുപ്രധാനമായൊരു പദ്ധതിക്ക് എങ്ങനെ ഇത്രയേറെ വന്‍ ചെലവ് വന്നു എന്നതും, ലക്ഷ്യമിട്ട പ്രയോജനം ലഭ്യമായോ എന്നതും, ഇത്രമാത്രം കാലതാമസം എങ്ങനെ ഉണ്ടായി എന്നതും ഇന്നും ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. കൃത്യമായ ഒരു വികസനനയത്തിന്റെ അഭാവവും ആസൂത്രണമില്ലായ്മയും കെടുകാര്യസ്ഥതയും പദ്ധതി നടത്തിപ്പിലെ അഴിമതിയും ജനഹിതവിരുദ്ധ സമീപനവുമാണ് പദ്ധതികള്‍ പാളിപ്പോകുന്നതിന് പ്രധാന കാരണം. കല്ലട പദ്ധതി ഉള്‍പ്പടെ കേരളത്തിന്റെ മിക്ക വികസന പദ്ധതികള്‍ക്കും സംഭവിച്ചത് ഇതാണ്.
ഉദ്യോഗസ്ഥരും കരാറുകാരും കാലാകാലങ്ങളില്‍ മാറിമാറി വരുന്ന രാഷ്ട്രീയ ഭരണാധികാരികളില്‍ ചിലരും തമ്മിലുള്ള ദുഷിച്ച കൂട്ടുകെട്ടാണ് പല വികസനപദ്ധതികളില്‍ നിന്നും ഉദ്ദേശിച്ച ഫലം കിട്ടാതാക്കിയത്. ഇവിടെയാണ് ശ്രീധരന്റെയും ‘ശ്രീധരന്‍ ശൈലി’യുടെയും പ്രസക്തി. കൃത്യമായ പ്രോജക്ട് റിപ്പോര്‍ട്ട്, സമയബന്ധിതമായി അത് പൂര്‍ത്തിയാക്കല്‍. ശ്രീധരന്‍ ശൈലിയുടെ പ്രത്യേകത ഇതാണ്. അച്ചടക്കം, ജോലിയോടുള്ള സ്‌നേഹം, ആത്മാര്‍ത്ഥത, സമയക്ലിപ്തത, പ്രൊഫഷണല്‍ മികവ്, സത്യസന്ധത, സമൂഹത്തോടും സര്‍ക്കാരിനോടുള്ള പ്രതിബദ്ധത ഇതൊക്കെ ഉദ്യോഗസ്ഥര്‍ക്കും എന്‍ജിനീയര്‍മാര്‍ക്കും ഉണ്ടാകണമെന്നാണ് ശ്രീധരന്റെ പക്ഷം. തന്റെ ഔദ്യോഗിക ജീവിതത്തില്‍ ഈ ഗുണവിശേഷങ്ങളൊക്കെ കൃത്യമായി പാലിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. കൊച്ചി മെട്രോയുടെ ഭാഗമായി 59 കോടി ചെലവ് പ്രതീക്ഷിച്ച പച്ചാളം പാലം ശ്രീധരന്റെ നേതൃത്വത്തില്‍ പണി തീര്‍ത്തപ്പോള്‍ ആകെ ചെലവ് വന്നത് 39 കോടി മാത്രം. ഇടപ്പള്ളി പാലത്തിനാകട്ടെ ചെലവായത് 78 കോടി. 108 കോടി പ്രതീക്ഷിച്ച സ്ഥാനത്താണിതെന്ന് ഓര്‍ക്കണം. ഏറ്റെടുത്ത പദ്ധതികളൊക്കെ സമയബന്ധിതമായി തീര്‍ക്കാനും ശ്രീധരന് കഴിഞ്ഞു.
1964 ല്‍ പ്രകൃതിക്ഷോഭം മൂലം തകര്‍ന്നുപോയ പാമ്പന്‍ പാലം പൂര്‍വസ്ഥിതിയിലാക്കുന്നതിന് ആറുമാസത്തെ പദ്ധതി തയ്യാറാക്കിയാണ് ശ്രീധരനെ റെയില്‍വേ നിയോഗിച്ചത്. പക്ഷേ മൂന്ന് മാസത്തിനുള്ളില്‍ തന്നെ പദ്ധതി പൂര്‍ത്തിയാക്കി സര്‍വ്വരുടേയും അഭിനന്ദനത്തിന് പാത്രമാകാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ഇതെല്ലാമാണ് ശ്രീധരന്റെ പ്രാധാന്യവും പ്രസക്തിയും മഹത്വവും. എന്നാല്‍ ഇതൊക്കെ തന്നെയാണ് ശ്രീധരനെതിരെ കരുക്കള്‍ നീക്കുന്നതിന് പല കേന്ദ്രങ്ങളെയും പ്രേരിപ്പിക്കുന്നത്. കാരണം ശ്രീധരനെ ചുമതല ഏല്‍പിച്ചാല്‍ പദ്ധതിയില്‍ കയ്യിട്ട് വാരല്‍ നടക്കില്ല എന്നത് തന്നെ. അതുകൊണ്ട് അഴിമതി നടത്താന്‍ വെമ്ബുന്ന ഭരണാധികാരികള്‍ക്കും ഉദ്യോഗസ്ഥ പ്രമുഖര്‍ക്കും സ്ഥാപിത താല്‍പ്പര്യക്കാര്‍ക്കും ശ്രീധരന്‍ വര്‍ജിതനാകുന്നു എന്നതാണ് സത്യം. നേരത്തെയും കൊച്ചി മെട്രോ നിര്‍മ്മാണ പദ്ധതിയില്‍ നിന്നും ശ്രീധരനെയും ഡിഎംആര്‍സിയെയും ഒഴിവാക്കാന്‍ നീക്കമുണ്ടായി. 2011 ഡിസംബറില്‍ ചേര്‍ന്ന കെഎംആര്‍എല്ലിന്റെ മൂന്നാമത് ബോര്‍ഡ് യോഗത്തിലാണ് കൊച്ചി മെട്രോ പദ്ധതിക്കായി ആഗോള ടെന്‍ഡര്‍ വിളിക്കാനുള്ള തീരുമാനം ഉണ്ടായത്. ശ്രീധരനെയും ഡിഎംആര്‍സിയെയും ഒഴിവാക്കുക എന്നത് തന്നെയായിരുന്നു ആ തീരുമാനത്തിന്റെ പിന്നിലുണ്ടായിരുന്ന ലക്ഷ്യം. ഇത് വലിയൊരു വിവാദമായി മാറി.
11.1.2012 ല്‍ ചേര്‍ന്ന കെപിസിസി യോഗത്തില്‍ കൊച്ചി മെട്രോ പദ്ധതി ശ്രീധരന്റെ നേതൃത്വത്തിലുള്ള ഡിഎംആര്‍സിയെ ഏല്‍പ്പിക്കണമെന്ന ശക്തമായ അഭിപ്രായം ഉയര്‍ന്നുവന്നു. ഇതേ തുടര്‍ന്ന് ശ്രീധരനെ വിശ്വാസത്തിലെടുത്ത് കൊണ്ട് ഡിഎംആര്‍സിയെ തന്നെ കൊച്ചി മെട്രോയുടെ നിര്‍മ്മാണ ചുമതല ഏല്‍പ്പിക്കുമെന്ന് യോഗത്തിലുണ്ടായ മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ ചാണ്ടി തന്നെ ഉറപ്പ് നല്‍കി. അതോടെയാണ് നേരത്തെയുള്ള കെഎംആര്‍എലിന്റെ തീരുമാനം മാറ്റപ്പെട്ടത്. കൊച്ചി മെട്രോ നിര്‍മ്മാണം ഡിഎംആര്‍സിയെ തന്നെ ഏല്‍പിച്ച് കൊണ്ടുള്ള മന്ത്രിസഭാ തീരുമാനവും വന്നു. തുടര്‍ന്ന് ശ്രീധരനെ ഇക്കാര്യത്തില്‍ ചുമതലപ്പെടുത്തിക്കൊണ്ട് ഡിഎംആര്‍സി എംഡിയുടെ ഉത്തരവ് 2012 മാര്‍ച്ച് 9 ന് ഇറങ്ങുകയും ചെയ്തു. ഇങ്ങനെയാണ് അന്നത്തെ വിവാദങ്ങള്‍ അവസാനിച്ചത്. സ്ഥാപിത താത്പര്യക്കാരും സ്വാര്‍ത്ഥമതികളുമായ ഉദ്യോഗസ്ഥ പ്രമുഖരും ചേര്‍ന്നുള്ള ലോബിയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നുണ്ടായ തെറ്റായ തീരുമാനത്തെ മറികടക്കാനുള്ള ആര്‍ജ്ജവം അന്നത്തെ സര്‍ക്കാരിനുണ്ടായി.
അന്ന് ആഗോള ടെന്‍ഡര്‍ എന്നതിന്റെ പേരില്‍ ശ്രീധരനെയും ഡിഎംആര്‍സിയെയും കൊച്ചി മെട്രോ നിര്‍മാണ ചുമതലയില്‍നിന്നും ഒഴിവാക്കാന്‍ ശ്രമിച്ച അതേ ലോബി തന്നെയാണ് ഇപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയനെയും ഗ്രസിച്ചിരിക്കുന്നത്. ഭാവനാശൂന്യതയുടെയും ഭരണപരാജയത്തിന്റെയും പ്രതീകമായി മാറിയ പിണറായി ഈ ലോബിയുടെ കെണിയില്‍ പെട്ടു പോയിരിക്കുകയാണ്. അതില്‍നിന്നും ഊരിപ്പോരാന്‍ ഉള്ള മിടുക്ക് ഇടതുമുന്നണി സര്‍ക്കാരിന് ഇല്ലാതെപോയി. അതിന് കേരളം ബലി കഴിക്കേണ്ടി വരുന്നത് ജനങ്ങള്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന തിരുവനന്തപുരംകോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതികളാണ്. ഒരു കൂടിക്കാഴ്ച പോലും നല്‍കാതെ ശ്രീധരനെ വര്‍ജ്ജിച്ച മുഖ്യമന്ത്രിക്കും ഇടതുമുന്നണിക്കും ഇതിന് കനത്ത വില നല്‍കേണ്ടിവരും. ഒരു മുഖ്യമന്ത്രിയുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് ജനങ്ങള്‍ ആഗ്രഹിക്കുന്ന ഇത്തരം പദ്ധതികളുടെ ഭാവിനിര്‍ണയം വിട്ടുകൊടുക്കാനാകില്ല. ലൈറ്റ് മെട്രോ പദ്ധതികള്‍ക്കായി ശക്തമായ ജനപ്രതിഷേധം ഉയരണം.