Sudheeran supported K Babu

കൊച്ചി: കെ.ബാബു വീണ്ടും മന്ത്രിയാവുന്നതില്‍ യാതൊരു അപാകതയും ഇല്ലെന്ന് കെ.പി.സി.സി.സി പ്രസിഡന്റ് വി.എം.സുധീരന്‍. ബാബുവിനെതിരായി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാനുള്ള തൃശൂര്‍ വിജിലന്‍സ് കോടതിയുടെ തീരുമാനം ഹൈക്കോടതി സ്റ്റേ ചെയ്തതോടെ കീഴ്‌ക്കോടതി വിധി അപ്രസക്തമായതായും സുധീരന്‍ പറഞ്ഞു.

സുപ്രീംകോടതിയുടേയും ഹൈക്കോടതിയുടേയും മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചാണ് വിജിലന്‍സ് കോടതി വിധ പറഞ്ഞതെന്ന് ഹൈക്കോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. മാറിയ ഈ സാഹചര്യത്തില്‍ ബാബു വീണ്ടും മന്ത്രിയാവുന്നതില്‍ തെറ്റില്ലെന്നും സുധീരന്‍ ചൂണ്ടിക്കാട്ടി.

സി.പി.എമ്മും മദ്യലോബിയും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ടുണ്ട്. അതിനാലാണ് ജനം അംഗീകരിച്ച മദ്യനയം മാറ്റുമെന്ന് സി.പി.എം പറയുന്നത്. ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ് സി.പി.എമ്മിന്റെ ഈ നിലപാടിലൂടെ വ്യക്തമാകുന്നത്. സര്‍ക്കാരിനെതിരെ ഇപ്പോള്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചനയുണ്ട്. ആരോപണം ഉന്നയിച്ച സരിത എസ്.നായര്‍ക്ക് 10 കോടി രൂപയും വീടും നല്‍കാമെന്ന് സി.പി.എം നേതാക്കള്‍ ഓഫര്‍ ചെയ്തിരുന്നു. ഈ വെളിപ്പെടുത്തല്‍ സി.പി.എം നേതാക്കളാരും തന്നെ ഇതുവരെ നിഷേധിച്ചിട്ടില്ലെന്നും സുധീരന്‍ വ്യക്തമാക്കി.

യു.ഡി.എഫ് സര്‍ക്കാരിന്റെ ഭരണത്തില്‍ സി.പി.എമ്മിന് അസഹിഷ്ണുതയാണ്. അതിനാലാണ് മന്ത്രിമാര്‍ പങ്കെടുക്കുന്ന വേദികളില്‍ അക്രമം നടത്താന്‍ ശ്രമിക്കുന്നത്. സര്‍ക്കാരിനെതിരെ പ്രതിഷേധിക്കരുതെന്ന് എന്ന് പറയുന്നില്ല. എന്നാല്‍, അക്രമ രാഷ്ട്രീയം ശരിയായ രീതിയല്ല. ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ടി.പി.ശ്രീനിവാസനെ ആക്രമിച്ചവര്‍ക്കെതിരെ നടപടി എടുത്തത് കൊണ്ടു മാത്രം കാര്യമില്ല. അക്രമം അവസാനിപ്പിക്കാന്‍ തയ്യാറല്ലെന്ന സി.പി.എമ്മിന്റെ നിലപാടാണ് സി.പി.എം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്റെ ആദ്യ പ്രതികരണത്തിലൂടെ വ്യക്തമാകുന്നത്. ജനവികാരം ഉയര്‍ന്നതോടെ പിന്നീട് അഭിപ്രായം പിണറായിക്ക് മാറ്റേണ്ടി വന്നെങ്കിലും സി.പി.എമ്മിന്റെ യഥാര്‍ത്ഥ മുഖമാണ് വെളിപ്പെട്ടതെന്നും സുധീരന്‍ പറഞ്ഞു.

Top