sudheeran’s new group in congress

തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസിലെ ഗ്രൂപ്പ് രാഷ്ട്രീയത്തിനെതിരെ പൊരുതിയ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ പാര്‍ട്ടി പുനസംഘടനയിലൂടെ സ്വന്തം ഗ്രൂപ്പിനു ജന്‍മം നല്‍കി.

എ ഗ്രൂപ്പിനു നേതൃത്വം നല്‍കുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും ഐ ഗ്രൂപ്പിനു നേതൃത്വം നല്‍കുന്ന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്ഥരെയും ഒപ്പം കൂട്ടിയാണ് സുധീരന്‍ കോണ്‍ഗ്രസില്‍ തന്റെ നിലപാടുകളെ പിന്തുണക്കുന്നവരുടെ പ്ലാറ്റ് ഫോം ഉണ്ടാക്കിയത്.

ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്ഥരായ മുന്‍ കെ.എസ്.യു സംസ്ഥാന പ്രസിഡന്റും കെപി.സി.സി ജനറല്‍ സെക്രട്ടറിയുമായ സതീശന്‍ പാച്ചേനി, കെ.പി.സി.സി സെക്രട്ടറി വി.വി പ്രകാശ് എന്നിവരാണ് എ ഗ്രൂപ്പില്‍ നിന്നും സുധീരന്‍ ഗ്രൂപ്പിലേക്കു ചേക്കേറിയത്. രമേശ് ചെന്നിത്തലക്കു വേണ്ടി ഹരിപ്പാട് സീറ്റ് ഒഴിഞ്ഞുകൊടുത്ത വിശ്വസ്ഥന്‍ അഡ്വ. ബാബുപ്രസാദ്, മുന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റും കെ.പി.സി.സി ജനറല്‍ സെക്രട്ടറിയുമായ കെ.പി അനില്‍കുമാര്‍ എന്നിവരാണ് ഐ ഗ്രൂപ്പില്‍ നിന്നും സുധീരന്‍ ഗ്രൂപ്പിലേക്ക് ചേക്കേറിയത്.

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലെ സീറ്റ് മോഹികളാണ് മാറിയവരെന്നാണ് ഗ്രൂപ്പ് നേതാക്കള്‍ പറയുന്നത്. ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്ഥരായി അറിയപ്പെടുന്നവരാണ് സതീശന്‍ പാച്ചേനിയും പ്രകാശും. വി.എസിനെതിരെ രണ്ടു തവണ മലമ്പുഴയില്‍ മത്സരിച്ചെങ്കിലും പാച്ചേനി പരാജയപ്പെടുകയായിരുന്നു. മലപ്പുറം ജില്ലയിലെ തവനൂര്‍ മണ്ഡലത്തില്‍ മത്സരിച്ച പ്രകാശ് കെ.ടി ജലീലിനോടാണ് പരാജയപ്പെട്ടത്.

കെ.പി അനില്‍കുമാറിന് രണ്ടു തവണ നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റു ലഭിച്ചിട്ടും ജയിക്കാനായില്ല. ചെന്നിത്തലക്കു വേണ്ടി നിയമസഭാ സീറ്റ് ഒഴിഞ്ഞതിന് കെ.എസ്.ഇ.ബി ബോര്‍ഡ് അംഗത്വമാണ് ബാബു പ്രസാദിനു പകരം ലഭിച്ചത്.

ഗ്രൂപ്പ് മാറിയ നേതാക്കളെ അകറ്റി നിര്‍ത്തുകയാണിപ്പോള്‍ ഗ്രൂപ്പ് മാനേജര്‍മാര്‍. പാച്ചേനിയോടും വി.വി പ്രകാശിനോടും ഗ്രൂപ്പുകാര്യങ്ങള്‍ ചര്‍ച്ച ചെയ്യരുതെന്നാവശ്യപ്പെട്ട് ബെന്നി ബെഹ്‌നാന്‍ എം.എല്‍.എയും പി.സി വിഷ്ണുനാഥ് എം.എല്‍.എയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കണ്ടിരുന്നതായി സൂചനയുണ്ട്.

കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ എ, ഐ ഗ്രൂപ്പുകള്‍ക്കു പുറമെ ഇപ്പോള്‍ സുധീരന്‍ ഗ്രൂപ്പും പുതുതായി ഉദയംകൊണ്ടിരിക്കുകയാണ്. തദ്ദേശ തെരഞ്ഞെടുപ്പിനു മുമ്പ് നടത്താന്‍ സുധീരന്‍ അന്ത്യശാസന നല്‍കിയ ഡി.സി.സി പുനസംഘടന മാറ്റിവെപ്പിച്ചത് എ, ഐ ഗ്രൂപ്പുകള്‍ ഒന്നിച്ച് എ.ഐ.സി.സി നേതൃത്വത്തിനു പരാതി നല്‍കിയാണ്. ശത്രുതയിലായിരുന്ന ഗ്രൂപ്പു നേതാക്കള്‍ തനിക്കെതിരെയെങ്കിലും ഒന്നിച്ചതില്‍ സന്തോഷമുണ്ടെന്നായിരുന്നു സുധീരന്റെ ഇതിനോടുള്ള പ്രതികരണം.

തെരഞ്ഞെടുപ്പിനു ശേഷം പുനസംഘടന വന്നപ്പോള്‍ ഓരോ ജില്ലയിലും ഗ്രൂപ്പു നേതാക്കളുടെ പുനസംഘടനാ സമിതി നല്‍കിയ ലിസ്റ്റിനു പുറമെ സുധീരന്റെ നോമിനികളും ഡി.സി.സി ഭാരവാഹികളായി. ഇതോടെ സംസ്ഥാനത്ത് സുധീരന്‍ ഗ്രൂപ്പെന്ന പുതിയ ഗ്രൂപ്പാണ് പിറവികൊണ്ടിരിക്കുന്നത്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ സുധീരന്റെ നിലപാട് നിര്‍ണായകമായതിനാല്‍ സുധീരന്‍ ഗ്രൂപ്പിലേക്ക് നേതാക്കളുടെ ഒഴുക്കാണ്.

Top