തെയ്യം കലാകാരനായി സുധീര്‍ കരമന; ‘ഒങ്കാറ’ കൊല്‍ക്കത്ത ഇന്റര്‍നാഷണലിലേക്ക് ഫിലിം ഫെസ്റ്റിവലിലേക്ക്

കൊല്‍ക്കത്ത ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലേക്ക് ഉണ്ണി കെ ആര്‍ സംവിധാനം ചെയ്ത ‘ഒങ്കാറ’ തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യന്‍ സിനിമ മത്സരവിഭാഗത്തിലേക്കാണ് ചിത്രം തിരഞ്ഞെടുത്തിരിക്കുന്നത്. ആദിവാസി തെയ്യം കലാകാരനായി സുധീര്‍ കരമന അഭിനയിക്കുന്ന ചിത്രം ലിപികളില്ലാത്ത മാര്‍ക്കോടി ഭാഷയിലാണ് ഒരുങ്ങുന്നത്. പ്രാദേശികമായി മാവിലവു എന്നപേരില്‍ അറിയപ്പെടുന്ന മര്‍ക്കോടി ഭാഷ വാമൊഴിയായാണ് തലമുറകളിലേക്ക് കൈമാറുന്നത്. പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ രാജേഷ് തില്ലങ്കേരിയാണ് ചിത്രത്തിന് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്.

നൂറ്റാണ്ടുകളായി അടിമകളായി കഴിഞ്ഞിരുന്ന ഗോത്രവിഭാഗത്തിന്റെ അതിജീവനത്തിന്റെയും പോരാട്ടത്തിന്റെയും കഥപറയുന്ന ചിത്രത്തില്‍ ആറോളം പരമ്പരാഗത ഗാനങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ‘ഗോത്രവിഭാഗങ്ങളുടെ സംസ്‌കാരവും ആചാരങ്ങളും അനുഷ്ഠാനങ്ങളും കൈമോശം വന്നു കൊണ്ടിരിക്കയാണെന്നും ഭാഷയും സംസ്‌കാരവും കലയും ചരിത്രതാളുകളിലേക്ക് ആവാഹിക്കുകയെന്ന ദൗത്യമാണ് ഒങ്കാറയിലൂടെ നിര്‍വ്വഹിച്ചിരിക്കുന്നത്.

ഗോത്രവിഭാഗത്തിന്റെ പഴയകാല ജീവിതത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഒങ്കാറയുടെ കഥ. പൂര്‍ണ്ണമായും ഉള്‍ക്കാട്ടില്‍ ചിത്രീകരിച്ചിരിക്കുന്നു എന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്. പുറം ലോകം ഏറെ കണ്ടിട്ടില്ലാത്ത വിവിധ ഗോത്ര തെയ്യങ്ങളും മംഗലംകളിയും പ്രാചീനകാലത്ത് പ്രചാരത്തിലുണ്ടായിരുന്ന ഗാനങ്ങളും ഒങ്കാറയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്’ എന്ന് ചിത്രത്തിന്റെ സംവിധായകന്‍ ഉണ്ണി പറഞ്ഞു.

സുധീര്‍ കരമനയ്ക്കൊപ്പം വെട്ടുകിളി പ്രകാശ്, സുഭാഷ് രാമനാട്ടുകര, ഗോപിക വിക്രമന്‍, സാധിക വേണുഗോപാല്‍, അരുന്ധതി നായര്‍, രമ്യ ജോസഫ്, ആഷിക് ദിനേശ്, ജിബു ജോര്‍ജ്ജ്, റാം വിജയ്, സച്ചിന്‍, സജിലാല്‍, ഗാന്ധിമതി തുടങ്ങിയവരും അണിനിരക്കുന്നു.

ക്രിസ്റ്റല്‍ മീഡിയ, വ്യാസചിത്ര, സൗ സിനി മാസ്, എന്നിവയുടെ ബാനറില്‍ സുഭാഷ് മേനോന്‍, ജോര്‍ജ്ജ് തോമസ് വെള്ളാറേത്ത്, ഡോ. പ്രഹ്ലാദ് വടക്കേപ്പാട്ട്, സൗമ്യ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. ഛായാഗ്രഹണം : വിനോദ് വിക്രം, പ്രശാന്ത് കൃഷ്ണ, എഡിറ്റര്‍: സിയാന്‍ ശ്രീകാന്ത്, പ്രൊജക്റ്റ് കോ- ഓഡിനേറ്റര്‍ : ഒ കെ പ്രഭാകരന്‍. നിര്‍മ്മാണ നിര്‍വ്വഹണം: കല്ലാര്‍ അനില്‍, മേക്കപ്പ് : ജയന്‍ പൂങ്കുളം,വസ്ത്രലങ്കാരം:ശ്രീജിത്ത്,ഷിനു ഉഷസ്. കല :അഖിലേഷ് ശബ്ദസംവിധാനം: രാധാകൃഷ്ണന്‍, സംഗീതം : സുധേന്ദു രാജ്, പി ആര്‍ ഒ: എ എസ് ദിനേശ്.

Top