വെടിയുണ്ട തലച്ചോറില്‍ തുളച്ചു കയറിയ ഒമാന്‍ ബാലന് കൊച്ചിയില്‍ ശസ്ത്രക്രിയ നടത്തി

gun-shooting

കൊച്ചി: വെടിയുണ്ട തലച്ചോറില്‍ തുളച്ചുകയറിയ ഒമാന്‍ സ്വദേശിയായ പതിനേഴുകാരനു കൊച്ചിയില്‍ ശസ്ത്രക്രിയ. പൂച്ചയ്ക്കു വച്ച വെടി ഉന്നം തെറ്റി സ്വന്തം താടിയെല്ലിലൂടെ കടന്നു തലച്ചോറില്‍ തുളച്ചു കയറുകയായിരുന്നു.

മസ്‌കത്തില്‍ നിന്ന് 285 കിലോമീറ്റര്‍ അകലെ ജലാല്‍ ബിനി ബു അലി നഗരത്തില്‍ നിന്നുള്ള അബ്ദുള്‍ ഖാദര്‍ മുഹമ്മദ് ഹമീദ് അല്‍ അലാവിയെയാണ് വെടിയേറ്റ പരുക്കുമായി എറണാകുളം വിപിഎസ് ലേക്‌ഷോര്‍ ആശുപത്രിയിലെത്തിച്ചത്. ഇവിടെ ശസ്ത്രക്രിയയിലൂടെ തലച്ചോറില്‍ കടന്ന വെടിയുണ്ടയുടെ ഭാഗം നീക്കം ചെയ്തു.

കോഴി ഫാമില്‍ കോഴികളെ പിടിക്കാനെത്തിയ പൂച്ചയ്ക്കിട്ടു വെടിവച്ചതാണ് അബ്ദുല്‍ ഖാദര്‍. പക്ഷെ അബദ്ധത്തില്‍ വെടിയേറ്റതു സ്വന്തം താടിയെല്ലിന്. ഒരു ഭാഗം അവിടെ തങ്ങിയെങ്കിലും മറ്റൊരു ഭാഗം നാവിലൂടെയും മൂക്കിലൂടെയും കടന്ന് തലച്ചോറിലെത്തി. താടിയെല്ലില്‍ തറഞ്ഞ വെടിയുണ്ടയുടെ ഭാഗം ഒമാനില്‍ നടത്തിയ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്‌തെങ്കിലും തലച്ചോറില്‍ കടന്ന ഭാഗം നീക്കാനായില്ല. ഇതോടെ തുടര്‍ ശസ്ത്രക്രിയയ്ക്കായി എറണാകുളത്ത് എത്തിക്കുകയായിരുന്നു.

തലച്ചോറില്‍ തുളച്ചു കയറിയ വെടിയുണ്ടയുടെ ഭാഗം നീക്കം ചെയ്തത് തലയോടിന്റെ ഒരു ഭാഗം തുറക്കുന്ന എട്ടു മണിക്കൂര്‍ ഫ്രണ്ടല്‍ ക്രാനിയോടമിയിലൂടെയാണ്. ഡോ. സുധീഷ് കരുണാകരനാണ് ശ്‌സ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയത്.

രണ്ടു ഘട്ടങ്ങളിലൂടെയാണ് താടിയെല്ലിലേയും തലച്ചോറിലെയും ശേഷിച്ച വെടിയുണ്ടയുടെ ഭാഗങ്ങള്‍ പൂര്‍ണമായും എടുത്തു മാറ്റിയത്. ഇഎന്‍ടി സര്‍ജന്‍, ഒറോമാക്‌സിലോഫേഷ്യല്‍ സര്‍ജന്‍ എന്നിവര്‍ ചേര്‍ന്നാണ് താടിയെല്ലിലെ ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയത്. നാലു ദിവസം വെന്റിലേറ്ററില്‍ കിടത്തി ചികില്‍സിക്കേണ്ടതായി വന്നു. മുറിവ് പൂര്‍ണമായും ഭേദമായ ശേഷമാകും അബ്ദുല്‍ ഖാദര്‍ നാട്ടിലേയ്ക്ക് മടങ്ങുക.

Top