സുഹാസിനെ വയനാട് ജില്ലാ കലക്ടറായി നിയമിക്കാന്‍ മന്ത്രിസഭാ തീരുമാനം

തിരുവനന്തപുരം:വയനാട് ജില്ലാ കലക്ടറായി സെക്രട്ടേറിയറ്റില്‍ പ്രൊജക്ട് മാനേജ്‌മെന്റ് യൂണിറ്റ് ഡയറക്ടറായ സുഹാസിനെ നിയമിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. വയനാട് ജില്ലാ കലക്ടര്‍ ഡോ. ബി.എസ്. തിരുമേനി അവധിയില്‍ പ്രവേശിച്ചതിനെ തുടര്‍ന്നു സര്‍ക്കാര്‍ മാറ്റിയിരുന്നു. എഡിഎമ്മിനായിരുന്നു പകരം ചുമതല.

തൊഴില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസിന് എക്‌സൈസ് വകുപ്പിന്റെ അധികചുമതല നല്‍കി. ഇപ്പോള്‍ ഫിഷറീസ് വകുപ്പിന്റെ ചുമതലയുളള ജെയിംസ് വര്‍ഗീസിനെ വനം-വന്യജീവി വകുപ്പിന്റെ അഡീഷണല്‍ ചീഫ് സെക്രട്ടറിയായും നിയമിച്ചു.

ലളിതകലാ അക്കാദമി, പൗള്‍ട്രി വികസന കോര്‍പറേഷന്‍, ഫിഷറീസ് വകുപ്പിനു കീഴിലുളള അഡാക്ക് ജീവനക്കാര്‍ എന്നിവര്‍ക്കു ശമ്പളപരിഷ്‌കരണം നടപ്പിലാക്കും.

സംസ്ഥാന ലൈഫ് മിഷനു സാങ്കേതിക സഹായം നല്‍കുന്നതിനുളള ഏജന്‍സികളായി കോഴിക്കോട് എന്‍ഐടി, തിരുവനന്തപുരം സിഇടി എന്നിവയെ ചുമതലപ്പെടുത്താനും മന്ത്രിസഭായോഗം തീരുമാനിച്ചു.

Top