ലോക്ക്ഡൗണ്‍കാലത്ത് കുട്ടികളില്‍ ആത്മഹത്യാപ്രവണത കൂടുന്നു; ചിരി പദ്ധതിയുമായി സര്‍ക്കാര്‍

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ കാലത്ത് ചെറിയ കുട്ടികള്‍ക്കിടയില്‍ ആത്മഹത്യാ പ്രവണത വര്‍ധിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ ഫോണ്‍ വഴി കൗണ്‍സിലിങ് നല്‍കുന്ന ചിരി പദ്ധതിക്കും തുടക്കം കുറിച്ചെന്ന് അദ്ദേഹം വറഞ്ഞു. മാര്‍ച്ച് 25 മുതലുള്ള കാലയളവില്‍ 18 വയസില്‍ താഴെയുള്ള 66 കുട്ടികള്‍ ആത്മഹത്യ ചെയ്തു. വീട്ടിലുള്ള കുട്ടികളുടെ നേരെയുള്ള ഇടപെടലാണ് ആത്മഹത്യാ കാരണങ്ങളായി കണ്ടെത്തിയിട്ടുള്ളത്.

കുട്ടികളുടെ മാനസികാവസ്ഥ കൂടി ഉള്‍ക്കൊണ്ടാവണം മാതാപിതാക്കളുടെ ഇടപെടല്‍ ഉണ്ടാവേണ്ടതെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. ഓണ്‍ലൈന്‍ ക്ലാസിലിരിക്കാത്തതിനും, ഗെയി കളിക്കാന്‍ അനുവദിക്കാത്തതും അശ്ലീല ചിത്രം കണ്ടതുമെല്ലാം ചെറിയ കാരണങ്ങളായി തോന്നാം. തിരുത്താന്‍ ഇടപെടുന്നത് കുട്ടിയുടെ മനസിനെ വല്ലാതെ മുറിവേല്‍പ്പിച്ച് കൊണ്ടാവരുതെന്നും അദ്ദേഹം സൂചിപ്പിച്ചു. താളം തെറ്റിയ കുടുംബ ജീവിതം മൂലം ആത്മഹത്യ ചെയ്ത കുട്ടിയുണ്ട്.

രക്ഷിതാവിന്റെ അമിത മദ്യപാനത്തോട് പൊരുത്തപ്പെടാനാവാതെ കുട്ടി ആത്മഹത്യ ചെയ്യുന്നു. കൊവിഡ് കാലത്ത് വിദ്യാലയം അടച്ചിടേണ്ടി വന്നു. കൂട്ടുകാരുടെ കൂടെ ഇടപഴകാനാവുന്നില്ല. മാനസിക സമ്മര്‍ദ്ദം മുറുകുന്ന സ്ഥിതിയാണ്. കുട്ടികളുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ മുതിര്‍ന്നവരുടെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്ന് മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.

കൗമാരക്കാര്‍ ശാരീരികവും മാനസികവുമായ വളര്‍ച്ചയുടെ പടവിലാണ്. മുതിര്‍ന്നവരോടെന്ന പോലെ അവരോട് പെരുമാറരുത്. ഊഷ്മളമായ ബന്ധം ഉണ്ടാകണം. സ്‌നേഹപൂര്‍വം പെരുമാറണം. കുടുംബ പ്രശ്‌നങ്ങള്‍ ഉണ്ടാകും. അത് പരിഹരിക്കാന്‍ കൗണ്‍സിലിങ് അടക്കം നടത്താന്‍ ഉപേക്ഷ നടത്തരുത്. കുട്ടികളില്‍ മാനസിക സമ്മര്‍ദ്ദം ഉണ്ടാകരുത്. വിദ്യാഭ്യാസം മത്സരമല്ല. അറിവ് നേടാനുള്ള ഉപാധിയാണ്. അത് അവരെ ബോധ്യപ്പെടുത്താനുള്ള ബാധ്യത അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Top