ഇന്തോനേഷ്യയില്‍ ചാവേര്‍ ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്

ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ ഓശാന ഞായര്‍ പ്രാര്‍ഥന ചടങ്ങുകള്‍ക്കിടെ ചാവേര്‍ ആക്രമണം. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇന്തോനേഷ്യയിലെ സുലേവേസി ദ്വീപിലാണ് ആക്രമണമുണ്ടായത്. ദക്ഷിണ സുലവേസി പ്രവിശ്യയുടെ തലസ്ഥാനമായ മകാസറിലെ സേക്രഡ് ഹാര്‍ട്ട് ഓഫ് ജീസസ് കത്തീഡ്രലിന്റെ ഗേറ്റില്‍ പാര്‍ക്ക് ചെയ്തിരുന്ന മോട്ടോര്‍ ബൈക്കാണ് പൊട്ടിത്തെറിച്ചത്.

രാവിലെ 10.30 ഓടെയാണ് ബോംബ് പൊട്ടിത്തെറിച്ചതെന്ന് കത്തോലിക്കാ പുരോഹിതന്‍ വില്‍ഹെല്‍മസ് തുലക് പറഞ്ഞു. പള്ളിയില്‍ കയറാന്‍ ശ്രമിച്ച രണ്ട് പേരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നിയതിനെ തുടര്‍ന്ന് തടഞ്ഞു. ഇരുവരും ചാവേറുകളായിരുന്നുവെന്നും തുലക് പറഞ്ഞു.

പള്ളിയില്‍ പ്രാര്‍ഥനയില്‍ പങ്കെടുക്കുന്നവരില്‍ ആരും അപായപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ ഇല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു ചാവേര്‍ കൊല്ലപ്പെട്ടെന്നും നാല് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും അഞ്ച് പ്രദേശവാസികള്‍ക്കും പരിക്കേറ്റെന്നുമാണ് റിപ്പോര്‍ട്ട്. ഇന്തോനേഷ്യയില്‍ തീവ്രവാദി ആക്രമണങ്ങള്‍ വര്‍ധിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

 

Top