suicide attempt in front of secratariate

തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തു നിയമനം നല്‍കാമെന്നു പറഞ്ഞു വഞ്ചിക്കപ്പെട്ട പൊലീസ് ഉദ്യോഗാര്‍ഥികള്‍ ആത്മഹത്യാ ഭീഷണിയുമായി സെക്രട്ടേറിയറ്റിനു മുന്നില്‍.

തണ്ടര്‍ബോള്‍ട്ട് നിയമനത്തിനായുള്ള റാങ്ക് പട്ടികയിലുള്ളവരാണ് സെക്രട്ടേറിയറ്റിനു മുന്നിലെ ബഹുനിലക്കെട്ടിടത്തിലും സമീപത്തെ മരത്തിലും കയറി ആത്മഹത്യാഭീഷണി മുഴക്കിയത്.

ഇവര്‍ കഴിഞ്ഞ ആറു ദിവസമായി സെക്രട്ടേറിയറ്റിനു മുന്നില്‍ നിരാഹാരം കിടക്കുകയാണ്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് റാങ്കു പട്ടിക തയാറാക്കിയത്.

570 പേരാണു പട്ടികയില്‍ ഉള്ളത്. കഴിഞ്ഞദിവസം ഇവര്‍ നിയമസഭയുടെ മുന്നില്‍നിന്നു സെക്രട്ടേറിയറ്റ് വരെ ശയനപ്രദിക്ഷണം നടത്തിയിരുന്നു. നിയമനം നല്‍കാമെന്ന വാക്കു പാലിക്കാതെ യുഡിഎഫ് സര്‍ക്കാര്‍ അധികാരമൊഴിഞ്ഞതോടെയാണ് ഇവര്‍ സമരത്തിനെത്തിയത്.

ആര്‍ഡിഒ ഇവരുമായി ചര്‍ച്ച നടത്തിയിരുന്നു. ആര്‍ഡിഒയുടെ റിപ്പോര്‍ട്ടിനെത്തുടര്‍ന്നു മുഖ്യമന്ത്രിയുമായി ജില്ലാ കളക്ടര്‍ ചര്‍ച്ച നടത്തുകയാണ്.

കടുത്ത കായിക പരീക്ഷ കഴിഞ്ഞാണ് ഇവര്‍ തണ്ടര്‍ബോള്‍ട്ട് പട്ടികയില്‍ കയറിയത്. ഇന്നലെ, അവശരായ സമരക്കാരെ ആശുപത്രിലേക്കു മാറ്റിയിരുന്നു. ഫയര്‍ഫോഴ്‌സും പൊലീസും സ്ഥലത്തു തമ്പടിച്ചിട്ടുണ്ട്.

Top