തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിലെ ബി.ജെ.പി സമര പന്തലിന് മുന്നില്‍ ആത്മഹത്യാശ്രമം. ബി ജെ പി നേതാവ് സി കെ പത്മനാഭന്‍ നിരാഹാരം നടത്തുന്ന സമരപ്പന്തലിലേക്ക് ഓടിക്കയറിയ ആള്‍ ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ചു തീകൊളുത്തുകയായിരുന്നു.
മുട്ടട സ്വദേശി വേണുഗോപാലാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം. പ്രവര്‍ത്തകരുടെയും പൊലീസിന്റെയും സമയോചിതമായ ഇടപെടലാണ് വന്‍ദുരന്തം ഒഴിവാക്കിയതെന്ന് ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ് പറഞ്ഞു. സമരപ്പന്തലിന് ആവശ്യമായ സുരക്ഷയൊരുക്കിയില്ലെന്നും , ശബരിമല വിഷയത്തിലെ ജനവികാരം സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി.