കായംകുളം: തിരുവനന്തപുരത്തുനിന്ന് മുംബൈയിലേക്ക് (ലോകമാന്യതിലക് ) പുറപ്പെട്ട നേത്രാവതി എക്‌സ്പ്രസില്‍ യുവാവിന്റെ ആത്മഹത്യാശ്രമം.
ടോയ്‌ലറ്റിന്റെ കതകടച്ച് ശരീരത്ത് പെട്രോളൊഴിച്ച് തീകൊളുത്തിയ തമിഴ്‌നാട് സ്വദേശിയെ പൊള്ളലേറ്റ നിലയില്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.
ട്രെയിനിലെ ജനറല്‍ കോച്ചിന്റെ ടോയ്‌ലറ്റ് പൂര്‍ണമായും കത്തി.യാത്രക്കാരെ ഉടന്‍ പുറത്തിറക്കിയശേഷം തീപിടിച്ച കോച്ച് വേര്‍പെടുത്തി എന്‍ജിന്റെ സഹായത്തോടെ മുന്നോട്ടു മാറ്റിയതിനാല്‍ തൊട്ടടുത്ത എ.സി കോച്ചുകളിലേക്കും മറ്റും തീ പടര്‍ന്നുള്ള വന്‍ ദുരന്തം ഒഴിവായി.
മിനിട്ടുകള്‍ക്കകം കായംകുളം റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് അറിയിച്ചതനുസരിച്ച് ഫയര്‍ഫോഴ്‌സെത്തി തീ കെടുത്തി.
സംഭവത്തെ തുടര്‍ന്ന് ട്രെയിന്‍ കായംകുളം റെയില്‍വേ സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്.
കസ്റ്റഡിയിലായ യുവാവിനെ കായംകുളം പൊലീസും ആര്‍.പി.എഫും ചേര്‍ന്ന് ചോദ്യം ചെയ്യലിനുശേഷം കായംകുളം ഗവ.ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് ആലപ്പുഴ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
കൈയ്ക്കും നെഞ്ചിലും മറ്റും തീപൊള്ളലേറ്റ നിലയിലാണ് ഇയാള്‍.
സംഭവത്തെപ്പറ്റി പൊലീസ് പറയുന്നതിങ്ങനെ: രാവിലെ 11.40 ഓടെയാണ് ട്രെയിന്‍ ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമിലെത്തിയത്.
യാത്രക്കാര്‍ ഇറങ്ങുകയും കയറുകയും ചെയ്തശേഷം സിഗ്‌നല്‍ കാത്ത് കിടക്കുമ്പോഴാണ് എന്‍ജിന് പിന്നിലെ രണ്ടാമത്തെ ജനറല്‍ കോച്ചിലെ ടോയ്‌ലറ്റില്‍ നിന്ന് തീയും പുകയും ഉയരുന്നത് യാത്രക്കാരുടെ ശ്രദ്ധയില്‍പ്പെട്ടത്.
ടോയ്‌ലറ്റിന്റെ തുറന്ന് കിടന്ന വാതിലിലൂടെ തീ ആളിപ്പടരുന്നത് കണ്ട യാത്രക്കാര്‍ ഓടിയെത്തിയപ്പോള്‍ പഴയ വസ്ത്രങ്ങളും പേപ്പറുകളും പ്ലാസ്റ്റിക് കവറുകളും കൂട്ടിയിട്ട് മണ്ണെണ്ണയോ പെട്രോളോ ഒഴിച്ച് തീകൊളുത്തിയതായാണ് കാണപ്പെട്ടത്.
കോച്ചിന്റെ മറ്റ് ഭാഗങ്ങളിലേക്ക് തീ പടരുന്നത് കണ്ട് യാത്രക്കാര്‍ നിലവിളിച്ചുകൊണ്ട് പുറത്തേക്ക് ചാടി. ഉടന്‍ എന്‍ജിന്‍ ഡ്രൈവറും ഗാര്‍ഡും മറ്റ് യാത്രക്കാരും പാഞ്ഞെത്തി.
യാത്രക്കാരില്‍ ഏതാനും ചിലര്‍ സാഹസികമായി ഇയാളെ പുറത്തേക്ക് വലിച്ചിറക്കി.പിന്നീട് കായംകുളം പൊലീസിന് കൈമാറുകയായിരുന്നു.
ഒന്നാം നമ്പര്‍ പ്ലാറ്റ് ഫോമില്‍ നിന്ന് ദൂരേയ്ക്ക് വലിച്ചുമാറ്റിയശേഷവും കോച്ചില്‍ തീ പടര്‍ന്നുകൊണ്ടിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ സമീപത്തെ കിണറ്റില്‍നിന്ന് വെള്ളം കോരിയൊഴിച്ചാണ് തീകെടുത്തിയത്.
ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തിയെങ്കിലും റോഡ് മാര്‍ഗം അവിടേക്ക് എത്തിച്ചേരാന്‍ കഴിഞ്ഞിരുന്നില്ല.
തിരുവനന്തപുരത്ത് നിന്നും ട്രെയിനില്‍ കയറിയെന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞതെങ്കിലും ഇടയ്ക്കിടെ പേരും വിവരങ്ങളും മാറ്റി പറയുന്നത് അന്വേഷണ സംഘത്തെ വിഷമിപ്പിച്ചിരിക്കുകയാണ്.
തമിഴ്‌നാട് വെല്ലൂര്‍ സ്വദേശിയാണെന്നാണ് ഇയാള്‍ വെളിപ്പെടുത്തുന്നത്. അനസ്, റഷീദ്, നവാസ് എന്നിങ്ങനെ പേരുകള്‍ മാറ്റി മാറ്റി പറഞ്ഞ ഇയാള്‍ പരസ്പര വിരുദ്ധമായാണ് സംസാരിക്കുന്നത്.
മനോരോഗിയാണെന്നാണ് പൊലീസിന്റെ നിഗമനം. ട്രെയിനില്‍ മോഷണ ശ്രമത്തിനിടെ പിടിക്കപ്പെട്ട ഇയാള്‍ ആത്മഹത്യാശ്രമം നടത്തിയതാണെന്ന അഭ്യൂഹങ്ങള്‍ പരന്നെങ്കിലും മോഷണമോ മോഷണ ശ്രമമോ ഉണ്ടായതായി സൂചനയില്ലെന്ന് കായംകുളം പൊലീസും റെയില്‍ അലര്‍ട്ടും അറിയിച്ചു.
കോണ്‍ഗ്രസ് നേതാവ് രാജ് മോഹന്‍ ഉണ്ണിത്താന്‍, സി.പി.ഐ ദേശീയസമിതിയംഗം പന്ന്യന്‍ രവീന്ദ്രന്‍ എന്നിവരും ഇതേ ട്രെയിനില്‍ എ.സി കോച്ചില്‍ യാത്രക്കാരായുണ്ടായിരുന്നു.
ഇരു നേതാക്കളും കായംകുളത്തിറങ്ങി പരിഭ്രാന്തിയിലായ നാട്ടുകാരെ ആശ്വസിപ്പിക്കുകയും അന്വേഷണ ഉദ്യോഗസ്ഥരോട് വിവരങ്ങള്‍ ആരായുകയും ചെയ്തശേഷം പിന്നാലെ വന്ന ഹാപ്പ ട്രെയിനില്‍ യാത്രയായി.