ജല്‍ മഗ്സി: പാക്കിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ ഫത്തേപുര്‍ ദര്‍ഗയ്ക്കു സമീപം ചാവേര്‍ സ്ഫോടനം.
12 പേര് കൊല്ലപ്പെട്ടു. നിരവധി ആളുകള്‍ക്കു പരിക്കേറ്റു. ജല്‍ മഗ്സി ജില്ലയിലുണ്ടായ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരില്‍ ഒരു പോലീസ് കോണ്‍സ്റ്റബിളും ഉള്‍പ്പെടുന്നതായി പോലീസ് അറിയിച്ചു.
ഫത്തേപുര്‍ ദര്‍ഗയിലേക്കു കടക്കാന്‍ ശ്രമിക്കവെയാണു ചാവേര്‍ പൊട്ടിത്തെറിച്ചതെന്നു ജിയോ ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. പള്ളിയില്‍ പ്രാര്‍ഥനകള്‍ക്കായി നിരവധി ആളുകള്‍ എത്തിയിരുന്ന സമയത്താണു സ്ഫോടനമുണ്ടായത്.
12 പേര് കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക അറിയിപ്പെങ്കിലും മരണസംഖ്യ ഉയരുമെന്നാണു റിപ്പോര്‍ട്ടുകള്‍. ചാവേര്‍ ആക്രമണം ബലൂച് സര്‍ക്കാര്‍ സ്ഥിരീകരിച്ചു.
സ്ഫോടനത്തില്‍ പരിക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്ന ആശുപത്രികളില്‍ സര്‍ക്കാര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.