കാബൂള്‍: അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളില്‍ വിവാഹസ്ഥലത്ത് നടന്ന ചാവേര്‍ സ്ഫോടനത്തില്‍ മരണം 63 ആയി. 180 ഓളം പേര്‍ക്ക് പരിക്കുകളുണ്ട്.
പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഷിയ മുസ്ലിംകള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്താണ് സംഭവം. പടിഞ്ഞാറന്‍ കാബൂളിലെ ദുബായ് സിറ്റി ഹാളില്‍ ശനിയാഴ്ച രാത്രി 10.40 നായിരുന്നു ആക്രമണമുണ്ടായത്. ആയിരത്തോളം പേര്‍ പങ്കെടുത്ത പരിപാടിക്കിടെയായിരുന്നു സംഭവമെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. സ്‌ഫോടക വസ്തുക്കളുമായി അക്രമി വിവാഹ സല്‍ക്കാരം നടന്ന ഹാളിലേക്ക് എത്തുകയായിരുന്നു.
അതേസമയം സ്‌ഫോടനത്തിനു പിന്നില്‍ ആരാണെന്നോ ഇതുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങളോ ലഭ്യമായിട്ടില്ലെന്നും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അഫ്ഗാന്‍ ആഭ്യന്തരമന്ത്രാലയ വക്താവ് അറിയിച്ചു.
പത്ത് ദിവസം മുമ്പ് കാബൂളിലെ ഒരു പൊലീസ് സ്റ്റേഷനിലും സ്ഫോടനമുണ്ടായിരുന്നു. ഇതില്‍ 14 പേര്‍ കൊല്ലപ്പെടുകയും 150 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.