ഇസ്‌ലാമാബാദ്: പാക്കിസ്ഥാനിലെ ബലൂച് പ്രവിശ്യയിലെ ക്വറ്റയിലുണ്ടായ സ്‌ഫോടനത്തില്‍ ആറു പേര്‍ കൊല്ലപ്പെട്ടു. അതീവ സുരക്ഷാമേഖലയില്‍ പൊലീസ് ട്രക്ക് ലക്ഷ്യമാക്കിയാണ് ആക്രമണം നടത്തിയത്. ചാവേറാക്രമണത്തില്‍ 25ഓളം പേര്‍ക്ക് പരുക്കേറ്റു.
സ്‌ഫോടക വസ്തുക്കള്‍ ധരിച്ച ഭീകരന്‍ ട്രക്കിനുനേരെ നടന്നുവന്ന് പൊട്ടിത്തെറിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ടവരില്‍ അഞ്ചു പേര്‍ പൊലീസുകാരാണ്.
പരുക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഉയരാനാണ് സാധ്യത. ബലൂച് പ്രവിശ്യാ മുഖ്യമന്ത്രി സനവുല്ല സെഹ്‌റി രാജിവച്ചതിന് പിന്നാലെയാണ് പ്രദേശത്ത് ചാവേറാക്രമണമുണ്ടാകുന്നത്. എന്നാല്‍ പ്രാദേശിക രാഷ്ട്രീയത്തിനു സംഭവവുമായി ബന്ധമില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം.
57 ബില്യണ്‍ ഡോളര്‍ ചിലവഴിച്ച് നടപ്പാക്കുന്ന ചൈന പാക്കിസ്ഥാന്‍ സാമ്പത്തിക ഇടനാഴിയില്‍ നിര്‍ണായക സ്ഥാനമാണ് ബലൂചിസ്ഥാന്‍ പ്രവിശ്യയ്ക്കുള്ളത്. കഴിഞ്ഞ മാസം പാക്കിസ്ഥാനിലെ ക്രിസ്ത്യന്‍ പള്ളിയിലുണ്ടായ സ്‌ഫോടനത്തില്‍ ഒന്‍പത് പേര്‍ കൊല്ലപ്പെടുകയും 56 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.