പാലാ: ഇടുക്കി വണ്ടിപ്പെരിയാറില്‍ യുവതി വീട്ടിനുള്ളില്‍ തൂങ്ങി മരിച്ചു. യുവതിയുടെ മരണം സുഹൃത്തിന്റെയും ഭാര്യയുടെയും ഭീഷണിയെ തുടര്‍ന്നാണെന്ന ആരോപണവുമായി ഭര്‍ത്താവും ബന്ധുക്കളും. വണ്ടിപ്പെരിയാര്‍ സ്വദേശിയായ ശ്രീദേവിയുടെ മരണത്തില്‍ ബന്ധുക്കള്‍ അന്വേഷണം ആവശ്യപ്പെട്ട് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കി. സംഭവത്തില്‍ വണ്ടിപ്പെരിയാര്‍ പൊലീസ് അസ്വഭാവിക മരണത്തിന് കേസ് എടുത്ത് അന്വേഷണം തുടങ്ങി.
ഒന്നാം തീയതിയാണ് വണ്ടിപ്പെരിയാര്‍ സ്വദേശിയായ ശ്രീദേവിയെ സ്വന്തം വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ശ്രീദേവിയുടെ ഭര്‍ത്താവ് പ്രശാന്ത് വിദേശത്താണ് ജോലി ചെയ്യുന്നത്. പാലായില്‍ ഭര്‍ത്താവിന്റെ വീട്ടിലായിരുന്നു ഇവരും രണ്ടു മക്കളും താമസിച്ചിരുന്നത്. സംഭവ ദിവസം ഉച്ചക്ക് വീട്ടിലെത്തിയാണ് ശ്രീദേവി ആത്മഹത്യ ചെയ്തത്. ശ്രീദേവിയുടെ ബാഗില്‍ നിന്നും ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിരുന്നു. കുടുംബ വീട്ടില്‍ വരുമ്പോള്‍ മുന്‍കാല സുഹൃത്തായ ഓട്ടോ ഡ്രൈവര്‍ പ്രമോദിന്റെ വാഹനം ആശുപത്രി ആവശ്യങ്ങള്‍ക്ക് വിളിക്കാറുണ്ടായിരുന്നു. ഇത് പ്രമോദിന്റെ വിദേശത്തുള്ള ഭാര്യ സ്മിത സംശയത്തോടെ കാണുകയും നിരന്തരം ഫോണില്‍ വിളിച്ച് മാനസികമായി ബുദ്ധിമുട്ടിച്ചിരുന്നതായും ആത്മഹത്യാ കുറിപ്പില്‍ ശ്രീദേവി ആരോപിക്കുന്നു.
പ്രമോദ് പലപ്പോഴായി ശ്രീദേവിയില്‍ നിന്നും പണം കടം വാങ്ങിയിട്ട് തിരിച്ച് കൊടുത്തിരുന്നുമില്ല. കഴിഞ്ഞ ദിവസം സ്വര്‍ണം പണയം വെച്ച് ഒരു ലക്ഷത്തി എഴുപതിനായരും രൂപ ശ്രീദേവി കൈപ്പറ്റിയിരുന്നു. എന്നാല്‍ ഈ പണം വീട്ടിലോ ബാങ്ക് അക്കൗണ്ടിലോ ഇല്ല. ഈ പണം പ്രമോദ് കൈക്കലാക്കിയിരിക്കാമെന്നാണ് വീട്ടുകാരുടെ സംശയം. ശ്രീദേവി ആത്മഹത്യ ചെയ്തതിന് പിന്നാലെ പ്രമോദ് ഒളിവില്‍ പോയിരിക്കുകയാണ്. ബന്ധുക്കളുടെയും അയല്‍ക്കാരുടെയും മൊഴിയും ഡിജിറ്റല്‍ തെളിവുകളും ശേഖരച്ച ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്ന് പൊലീസ് വിശദമാക്കി.